ന്യൂഡല്‍ഹി: ആര്‍എസി ടിക്കറ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്ന കാര്യം റെയില്‍വേയുടെ സജീവ പരിഗണനയില്‍. രണ്ട് യാത്രക്കാര്‍ക്ക് ഒരു ബെര്‍ത്ത് വീതം നല്‍കി, കിടക്കാനായി പകുതി സ്ഥലം മാത്രം ലഭിക്കുമ്പോഴും മുഴുവന്‍ യാത്രാനിരക്കും ഈടാക്കുന്നതിനെതിരെ ഉയര്‍ന്ന പരാതികളെത്തുടര്‍ന്നാണ് റെയില്‍വേ ഇക്കാര്യം പരിശോധിക്കുന്നത്. യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഈ സംവിധാനം പുനഃപരിശോധിക്കുന്നത്. പൂര്‍ണ്ണമായ ഉറങ്ങാനുള്ള സ്ഥലം ലഭിക്കാത്തപ്പോള്‍ മുഴുവന്‍ യാത്രാനിരക്ക് ഈടാക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് റെയില്‍വേ. കൂടാതെ, ആര്‍എസി. ടിക്കറ്റില്‍ സ്ത്രീയും പുരുഷനും ഒരേ സീറ്റ് പങ്കിടേണ്ടി വരുന്നത് യാത്രാവേളകളില്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന ടിടിഇ മാരുടെ അഭിപ്രായവും ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനത്തിന് പ്രേരകമായിട്ടുണ്ട്.
ആര്‍എസി ടിക്കറ്റുള്ള യാത്രക്കാരില്‍ നിന്ന് മുഴുവന്‍ നിരക്ക് ഈടാക്കുന്നതിനെതിരെ പാര്‍ലമെന്ററി പാനലും രംഗത്തുണ്ടായിരുന്നു. യാത്രാവേളയില്‍ വ്യക്തിഗത ബെര്‍ത്തിന്റെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരില്‍ നിന്ന് മുഴുവന്‍ തുക ഈടാക്കുന്നത് ഒഴിവാക്കാന്‍ നിലവിലെ സംവിധാനം പുനഃപരിശോധിക്കണമെന്ന് പാനല്‍ റെയില്‍വേയോട് ശുപാര്‍ശ ചെയ്തിരുന്നു.
കമ്പ്യൂട്ടര്‍വത്കൃത ടിക്കറ്റ് സമ്പ്രദായം വരുന്നതിന് മുമ്പാണ് അവസാന നിമിഷത്തെ റദ്ദാക്കലുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആര്‍എസി സമ്പ്രദായം കൊണ്ടുവന്നത്. കണ്‍ഫേംഡ് ടിക്കറ്റുകള്‍ക്കും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ക്കും ഇടയിലുള്ള വിഭാഗമാണിത്. നിലവില്‍ ഒരു സൈഡ്-ലോവര്‍ ബെര്‍ത്താണ് രണ്ട് യാത്രക്കാര്‍ക്കാണ് ആര്‍എസി വഴി അനുവദിക്കുന്നത്. പകല്‍ സമയത്ത് ഇരിക്കാനും രാത്രിയില്‍ ബെര്‍ത്ത് പങ്കിട്ട് കിടക്കാനുമാണ് ഈ സൗകര്യം. പിന്നീട് മറ്റ് യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍ ആര്‍എസി. യാത്രക്കാര്‍ക്ക് മുഴുവന്‍ ബെര്‍ത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കമ്പ്യൂട്ടര്‍വത്കൃത റിസര്‍വേഷന്‍ സംവിധാനങ്ങള്‍ വന്നതിനുശേഷവും ആര്‍എസി രീതി തുടരുകയായിരുന്നു. ഈ സംവിധാനം പൂര്‍ണ്ണമായി ഒഴിവാക്കണോ എന്നത് സംബന്ധിച്ച് ഔദ്യോഗികമായി അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും ഇതിന്റെ സാദ്ധ്യതകള്‍ റെയില്‍വേ ഗൗരവമായി പരിശോധിച്ചുവരികയാണ്.



































