29.9 C
Kollam
Saturday 5th September, 2026 | 03:03:31 PM
Home News Breaking News കൈക്കൂലിക്ക് കണ്‍സള്‍ട്ടിംങ് ഓഫിസ്,മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ ഇടപാടുകള്‍ നടത്തിയത് ഓഫിസ് തുറന്ന്

കൈക്കൂലിക്ക് കണ്‍സള്‍ട്ടിംങ് ഓഫിസ്,മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ ഇടപാടുകള്‍ നടത്തിയത് ഓഫിസ് തുറന്ന്

കൊച്ചി.ഭൂമി തരം മാറ്റാന്‍ കൈക്കൂലിവാങ്ങിയ കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ ഇടപാടുകള്‍ നടത്തിയത് കണ്‍സള്‍ട്ടന്‍സി ഓഫിസ് തുറന്ന്. കൊച്ചിയില്‍ കോടികള്‍ വിലയുള്ള ഭൂമിയുടെ വിവരങ്ങളടങ്ങിയ സര്‍ക്കാര്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ കൃപയ്ക്ക് ചോര്‍ത്തി നല്‍കിയതായും വിവരം. പ്രശ്‌നപരിഹാരത്തിന് കൃപയെ സമീപിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.


ഭൂമി തരം മാറ്റാന്‍ പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലെ സൂത്രധാരന്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ വെള്ളിയാഴ്ചയാണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലിയിടപാടുകളുടെ ബുദ്ധികേന്ദ്രം കൃപയാണെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്നാണ് കേസില്‍ നാലാപ്രതിയാക്കി. സര്‍വീസില്‍ നിന്ന് വിരമിച്ച കൃപ കൊച്ചിയില്‍ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി തുറന്നിരുന്നു. ഇതിന്റെ മറവിലാണ് ഇരകളെ കണ്ടെത്തിയതും കൈക്കൂലിയിടപാടുകള്‍ നടത്തിയിരുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഭൂപ്രശ്‌നങ്ങളുമായി റവന്യൂ ഓഫിസുകളിലെത്തുന്ന ഉടമകളെ കൃപയുടെ കൂട്ടാളികളായ ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുത്തും.

വഴങ്ങാത്തവരെ പരാതിക്കാരെയിറക്കി വരുതിയിലാക്കും. പ്രശ്‌നങള്‍ക്ക് റവന്യൂ ഓഫിസില്‍ പരിഹാരം കാണുന്നതിന് പകരം കൃപയുടെ അരികിലേക്ക് പറഞ്ഞയക്കും. കൃപയുടെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരനോട് കൃപയെ സമീപിക്കാന്‍ നിര്‍ദേശിച്ചത് കണയന്നൂര്‍ താലൂക്കിലെ ഉദ്യോഗസ്ഥരാണ്. ഇതിന്റെ തെളിവുകളടക്കം വിജിലന്‍സിന് ലഭിച്ചു. ഇതേ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ തഹസില്‍ദാരെ രക്ഷിക്കാന്‍ റവന്യൂ രേഖകളില്‍ തിരുത്തല്‍ വരുത്തിയതെന്നാണ് നിഗമനം.

കണയന്നൂര്‍ താലൂക്കിലെ ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററിലാണ് വിവാദഭൂമിയില്‍ പരിശോധന നടത്തിയെന്ന് പിന്നീട് എഴുതി ചേര്‍ത്തത്. രജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ കസ്റ്റ്ഡിയിലെടുത്ത വിജിലന്‍സ് ഇവ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. കേസില്‍ അറസ്റ്റിലായ കണയന്നൂര്‍ താലൂക്കിലെ ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, ഇടനിലക്കാരായ എം.എസ്. രാജേഷ്, പി.എ. ഷിബിന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. ഹെര്‍ട്ടിസിനും രാജേഷിനു കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. കൂട്ടാളികള്‍ പിടിയിലായതോടെ സംസ്ഥാനം വിട്ട കൃപ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോളാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here