Home Automotive ഇലക്ട്രിക് ത്രീ-വീലര്‍ വിപണി പിടിക്കാന്‍ ഹ്യുണ്ടായിയും ടിവിഎസും

ഇലക്ട്രിക് ത്രീ-വീലര്‍ വിപണി പിടിക്കാന്‍ ഹ്യുണ്ടായിയും ടിവിഎസും

Advertisement

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് ത്രീ-വീലറുകള്‍ നിര്‍മ്മിക്കുന്നതിനായി ധാരണയായി. 2026-ലെ കൊറിയ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ വെച്ചാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.
വാഹനത്തിന്റെ രൂപകല്‍പ്പന ഹ്യുണ്ടായിയുടെ നേതൃത്വത്തിലായിരിക്കും. തങ്ങളുടെ ആഗോള ഗവേഷണ-വികസന മികവ് ഇതിനായി ഹ്യുണ്ടായ് ഉപയോഗപ്പെടുത്തും. അതേസമയം, ടിവിഎസ് നിര്‍മ്മാണത്തിനും ഇന്ത്യയിലെ വിപണനത്തിനുമാണ് നേതൃത്വം നല്‍കുക. ഇന്ത്യയിലെ റോഡുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലായിരിക്കും വാഹനം നിര്‍മ്മിക്കുന്നത്. വെള്ളക്കെട്ടുള്ള റോഡുകള്‍ക്കായി മാറ്റം വരുത്താവുന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍, ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ തെര്‍മല്‍ മാനേജ്‌മെന്റ് എന്നിവ പുതിയ വാഹനത്തില്‍ ഉണ്ടാവും. യാത്രക്കാരെ കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും ഒരേപോലെ ഉപയോഗിക്കാവുന്ന തരത്തില്‍ മാറ്റം വരുത്താവുന്ന ക്യാബിന്‍ സൗകര്യം ഇതിന്റെ പ്രത്യേകതയാണ്.

വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇതിലൂടെ നിര്‍മ്മാണ ചിലവ് കുറയ്ക്കാനും സ്പെയര്‍ പാര്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കും. ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പദ്ധതിയുടെ ആദ്യ ചര്‍ച്ചകള്‍ 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആരംഭിച്ചത്. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ കരാര്‍ ഒപ്പിട്ടതോടെ പദ്ധതി ഔദ്യോഗികമായി ഉല്‍പ്പാദന ഘട്ടത്തിലേക്ക് കടക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലര്‍ വിപണിയായ ഇന്ത്യയിലായിരിക്കും ഈ വാഹനം ആദ്യം പുറത്തിറക്കുക. അതിനുശേഷം മറ്റ് ആഗോള വിപണികളിലേക്ക് വിതരണം വ്യാപിപ്പിക്കാനും കമ്പനികള്‍ക്ക് പദ്ധതിയുണ്ട്. ഹ്യുണ്ടായിയുചെ സാങ്കേതിക തികവും ടിവിഎസിന്റെ വിപണിയിലെ പരിചയസമ്പത്തും ഒത്തുചേരുമ്പോള്‍ ഇലക്ട്രിക് ത്രീ-വീലര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here