ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്ന ‘കോക്രോച്ച് ജനതാ പാർട്ടി (സിജെപി)
നേതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് നിവേദനം സമർപ്പിച്ചു. മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആശുപത്രിയിൽ നിന്ന് ഉടൻ മോചിപ്പിക്കുക. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക.ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് തകർത്തതെന്നും, സംഭവത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പോലീസ് നടപടിയെ തുർന്ന് തകർക്കപ്പെട്ട സമരപന്തൽ രാത്രിയിൽ വീണ്ടും സിജെപി പുനർനിർമ്മിച്ചു. സമരവേദിയിലെ പോലീസ് വിന്യാസത്തിലും അയവുണ്ട്. രാത്രിയിൽ 500 ഓളം പ്രവർത്തകർ സമരവേദിയിലുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി.


































