ന്യൂഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകട സമയം വിമാനത്തിൻ്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന കണ്ടത്തൽ സ്ഥിരീകരിച്ച അന്വേഷണ സംഘം പൈലറ്റിനെതിരെ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചു എന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.
Also Read: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു
ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് പെട്ടെന്ന് മുന്നൂറടി താഴേക്ക് പതിച്ചത്. വിമാനത്തിൻ്റെ ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ സാങ്കേതിക തകരാറാണ് കാരണമെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിച്ചു. വിമാനത്തിലെ പൈലറ്റുമാരെ നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റൻ്റെ പ്രാഥമിക ഫലം നോൺ-നെഗറ്റീവ് ആയതിനെ തുടർന്ന് രക്തസാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഈ പരിശോധനയിലാണ് പൈലറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. അതേസമയം കോ-പൈലറ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. വിമാനത്തിൻ്റെ ക്യാപ്റ്റനെതിരെ ക്യാമ്പിൻ ക്രൂ അംഗങ്ങളും പരാതി നൽകിയിരുന്നു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്ന എഎഐബി റിപ്പോർട്ടിൽ പൈലറ്റിനെതിരെ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.
വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവേ നാല് സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തനരഹിതമായെന്നും, ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലച്ച് വിമാനം 300 അടിയോളം താഴേക്ക് പതിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തൽ. ഇതെങ്ങനെ സംഭവിച്ചു എന്നതിലും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എഎഐബി വ്യക്തമാക്കി.
































