ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോർട്ട്. ഫുകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം.
Also Read: പീഡനക്കേസ്; ക്രിക്കറ്റ് താരം അഭിഷേക് പോറെല്‍ അറസ്റ്റില്‍
ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടത്. പിന്നീട് നടന്ന പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സംശയമുയർന്നു. പിന്നാലെ, എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ടു ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം ആകാശത്തുവച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാരും അടക്കം 17 പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിമാനത്തിന്റെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനയിൽ (മാനസികാവസ്ഥയെ സ്വാധീനിക്കുന്ന രാസവസ്തുക്കളുടെ പരിശോധന) കൂടുതൽ സ്ഥിരീകരണം ആവശ്യമായ രീതിയിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാമ്പിളുകൾ കൂടുതൽ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചും പൈലറ്റിന്റെ പരിശോധനാ ഫലത്തെക്കുറിച്ചും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡി.ജി.സി.എയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി. പരിശോധന നടത്തിയത് നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാൽ തങ്ങൾക്ക് പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും അധികൃതർ ശേഖരിച്ചിട്ടുണ്ട്.































