കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തെന്ന പരാതിയിൽ വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീഹരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോളജ് പരിപാടികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം അതിൽനിന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തതെന്നും അന്വേഷണസംഘം പറയുന്നു.
ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത നിലയിൽ കണ്ടെത്തിയതായാണ് വിവരം. അധ്യാപകർ ക്ലാസെടുക്കുന്ന ദൃശ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടികളുടെ ഹോസ്റ്റൽ മുറികളിലെ ദൃശ്യങ്ങളും ഫോണിൽനിന്ന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ വിൽപ്പന നടത്തിയതിന്റെ പണമിടപാട് വിവരങ്ങളും ടെലഗ്രാം ചാറ്റുകളിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.
ശ്രീഹരി നേരിട്ട് പകർത്തിയ ചിത്രങ്ങൾക്കുപുറമെ മറ്റുള്ളവരിൽനിന്ന് ലഭിച്ച ചിത്രങ്ങളും ടെലഗ്രാം ചാറ്റുകളിലേക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അവിടെനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ തിരിച്ചെത്തുന്നതായിരുന്നുവെന്നാണ് അന്വേഷണത്തിലെ വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ചിത്രങ്ങൾ മോർഫ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പിന്നിൽ പ്രത്യേക ശൃംഖലയുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു. കെ.എസ്.യു. യൂണിറ്റ് മീഡിയ കോഓർഡിനേറ്ററും വീഡിയോ എഡിറ്ററുമായിരുന്ന ശ്രീഹരിയെ സംഭവത്തെ തുടർന്ന് സംഘടനയിൽനിന്ന് പുറത്താക്കിയതായി കെ.എസ്.യു. ഭാരവാഹികളും അറിയിച്ചു.



























