27.2 C
Kollam
Thursday 29th October, 2026 | 08:52:01 AM
Home News Breaking News തിളച്ച സാമ്പാറിലും നുളയ്ക്കുന്ന രാഷ്ട്രീയ വൈരപ്പുഴു,സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തില്‍ അധ്യാപകന്‍...

തിളച്ച സാമ്പാറിലും നുളയ്ക്കുന്ന രാഷ്ട്രീയ വൈരപ്പുഴു,സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

Advertisement

കോഴിക്കോട്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിലായത്. ജിജോ ജെയിംസ് ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ആരോപണം ഉയര്‍ത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ജിജോ ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുഴുവിനെ താന്‍ കണ്ടിട്ടില്ലെന്നും, വിദ്യാര്‍ത്ഥികള്‍ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നാണ് ജിജോ ജെയിംസ് പൊലീസിന് മൊഴി നല്‍കിയത്.

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവും, സംഘാടന പിഴവും ഉയര്‍ത്തിക്കാട്ടി എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആക്ഷേപം പാചകക്കാരനായ പഴയിടം മോഹനന്‍ നമ്പൂതിരി തള്ളി. തരംതാണ രാഷ്ട്രീയമാണ് ചിലര്‍ കളിക്കുന്നതെന്ന് പഴയിടം പറഞ്ഞു. ഇത്രയും വര്‍ഷം കലോത്സവ-കായിക മേളകളില്‍ പാചക ചുമതലയുണ്ടായിട്ടും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്.

വ്യക്തിപരമായ പരാതിയാണെങ്കിൽ അതിൽത്തന്നെ ഒതുക്കണമെന്നും ഭക്ഷണവിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നത് ജോലിയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവിയിൽ വേവിച്ച പുട്ടിൽ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആദ്യ പരാതി. ഇതേ വ്യക്തി പിന്നീട് സാമ്പാറിലും പുഴുവിനെ കണ്ടെന്നു പറയുന്നു. നാല് മണിക്കൂർ വേവുന്ന സാമ്പാറില് എങ്ങനെയാണ് പുഴു വരിക, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും പഴയിടം പ്രതികരിച്ചു.

ആരോപണങ്ങൾക്ക് പിന്നിൽ ഹിഡൻ അജണ്ടയാണ്.. വൃത്തികെട്ട രാഷ്ട്രീയമാണ് നടക്കുന്നതെന്നും ഇത്തരം പരിപാടികളിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും പഴയിടം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇരുപത്തിയഞ്ച് വർഷമായി ഇത്തരം പരിപാടികളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ ഒരാൾക്കുപോലും ഇത്തരത്തിൽ പ്രശ്നമുണ്ടായിട്ടില്ല. ഇരു സർക്കാരുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്നും രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്കും ബിരിയാണി വിതരണത്തിനുമെല്ലാം പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പഴയിടം ബിഗ്ടിവിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here