25.1 C
Kollam
Friday 23rd October, 2026 | 08:18:29 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 23 | വെള്ളി | 1202 തുലാം 6...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 23 | വെള്ളി | 1202 തുലാം 6 | പൂരുരുട്ടാതി

സൗദി അറേബ്യയിൽ ഹൂതി ആക്രമണം: ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ഹൂതി ആക്രമണങ്ങളിൽ ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. സൗദിയിലെ ഇന്ത്യക്കാർ കടുത്ത ആശങ്കയിലാണ്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനും സൗദി പൗരനും മരിച്ചു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഷൈബ എണ്ണപ്പാടത്തിനു നേരേയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോൺ തടഞ്ഞെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ടുപേർ കൊല്ലപ്പെട്ടു. വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും ഹൂതി ആക്രമണമുണ്ടായി.

നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുർ ഇന്ന് ഉച്ചയ്ക്ക് 12 ന് ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുർ ആദ്യ പ്രതികരണം നടത്തി. പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, മേയർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

മഴ മുന്നറിയിപ്പ്: കാലിക്കറ്റ്, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കാലിക്കറ്റ്, എംജി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴ ഭീഷണി മൂലമാണ് പരീക്ഷ മാറ്റിയത്. ഇന്നു നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമില്ല.

ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പ്: പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തോറ്റു

ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അടക്കം നിലവിലുള്ള പാനലിലെ മൂന്നു പേർ തോറ്റു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ ഉൾപ്പെട ആറു പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ ബോർഡ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ പിന്നീട് തെരഞ്ഞെടുക്കും. 2031 വരെയാണ് ഭരണസമിതിയുടെ കാലാവധി.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിങ്കളാഴ്ചവരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ആരോഗ്യമേഖല കുത്തഴിഞ്ഞെന്ന് മുൻ ആരോഗ്യ മന്ത്രിമാർ; രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

ആരോഗ്യമേഖല കുത്തഴിഞ്ഞെന്ന് മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണ ജോർജ് എന്നിവർ. കുത്തക കോർപറേറ്റുകൾക്കു വേണ്ടിയാണ് ആരോഗ്യ ടാസ്ക് ഫോഴ്സുമായി മന്ത്രി കെ. മുരളീധരൻ മുന്നോട്ടുപോകുന്നതെന്നും മുൻ മന്ത്രിമാർ ആരോപിച്ചു. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തലത്തിലായിരുന്നു വാർത്താസമ്മേളനം. ആരോഗ്യ മേഖലയെ തുലച്ച മുൻ മന്ത്രിമാരുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നു

സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നു. ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. ഈ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനം ലഭിക്കും.

കിഫ്ബിയെ തകർക്കാൻ നീക്കമെന്ന പ്രചാരണവുമായി സിപിഎം രംഗത്തേക്ക്

കിഫ്ബിയെ തകർക്കാൻ നീക്കമെന്നു സംസ്ഥാന സർക്കാരിനെതിരേ പ്രചാരണം നടത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലും വികസനം എത്തിച്ചത് കിഫ്ബിയാണെന്നും കിഫ്ബിയെ ഇല്ലാതാക്കിയാൽ വികസനത്തിനു പണം കണ്ടെത്താൻ ബദൽ എന്തെന്ന് സംസ്ഥാന സർക്കാർ പറയണമെന്നും സിപിഎം.

കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം: പുതിയ നിർദേശവുമായി നിയുക്ത ഗവർണർ

കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ഇന്നു ഗവർണ്ണറായി ചുമതലയേൽക്കുന്നതിനു മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റം.

ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് യാത്രയയപ്പ് നൽകി; ഊഷ്മള ബന്ധമായിരുന്നുവെന്ന് വി.ഡി. സതീശൻ

ഗവർണർ രാജേന്ദ്ര ആർലേക്കറുമായി സർക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഗവർണർക്ക് ഒരുക്കിയ യാത്രയയപ്പ് വിരുന്നിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവർണറെ അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ലഗേജ് അലവൻസ് ഇരട്ടിയാക്കി

ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരുടെ ലഗേജ് അലവൻസ് 300 രൂപയിൽ നിന്ന് 600 രൂപയാക്കി. ക്യാംപ് ഫോളോവേഴ്സിനും ഇതേ അലവൻസ് ലഭിക്കും. പൊലീസുകാരുടെ അതേ അലവൻസ് ക്യാംപ് ഫോളോവേഴ്സിനും ലഭിക്കും.

കോഴിക്കോട് ജില്ലയിൽ അടിയന്തര ജാഗ്രതാ നിർദേശം; ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ള കോഴിക്കോട് ജില്ലയിൽ അടിയന്തര ജാഗ്രത നിർദേശവുമായി ജില്ലാ ഭരണകൂടം. ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു. ബീച്ചുകൾ, നദികൾ, ജലാശയങ്ങൾ, മലയോരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമെന്കിൽ ആളുകളെ മാറ്റി പാർപ്പിക്കണമെന്നു നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

റെയ്ഹാൻ വാദ്രയുടെ ചിത്രങ്ങൾ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് വി.ഡി. സതീശൻ

ഡൽഹിയിലെ പോലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ പ്രിയങ്കഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയ്ക്കു കേരളത്തിൽ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വാദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ചിത്ര പ്രദർശനത്തിലെ 105 ചിത്രങ്ങളിൽനിന്ന് 74 എണ്ണം നീക്കം ചെയ്തിരുന്നു. യുവജന പ്രക്ഷോഭങ്ങൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെട്ട ചിത്രങ്ങളാണ് നീക്കിയത്.

ശബരിമല തീർഥാടകർക്കായി കെഎസ്ആർടിസി ചാർട്ടേഡ് ബസ് സർവീസുകൾ നടത്തും

ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്കായി പമ്പയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ് സർവീസും നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ചാർട്ടേർഡ് സർവീസിന് അധിക നിരക്ക് ഈടാക്കില്ല. എവിടെയാണോ അയ്യപ്പൻമാരിരിക്കുന്നത് അവിടെ പോയി അവരെ കൂട്ടി പമ്പയിലിറക്കും. 45 ടിക്കറ്റുകൾ നിർബന്ധമാണ്. ഭക്തരുടെ ചെറു സംഘങ്ങൾ ചേർന്ന് ടീമായി യാത്ര നടത്താമെന്ന് മന്ത്രി പറഞ്ഞു.

കൈകളില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ജിലുമോൾ മാരിയറ്റ് തോമസിന് കേരളശ്രീ പുരസ്കാരം

കൈകളില്ലെങ്കിലും നിശ്ചയദാർഢ്യത്തോടെ വിജയങ്ങൾ കീഴടക്കിയ ഇടുക്കിക്കാരി ജിലുമോൾ മാരിയറ്റ് തോമസ് (31) ഇനി കേരളശ്രീ. ഇന്നലെ ജിലുമോൾ ഗവർണർ രാജേന്ദ്ര ആർലേക്കറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൈകളില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടിയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി വാട്ടർ മെട്രോയിൽ മഹാനവമി ദിനത്തിൽ സർവകാല റെക്കോർഡ് യാത്രക്കാർ

കൊച്ചി വാട്ടർ മെട്രോയിൽ മഹാനവമി ദിവസം റിക്കാർഡ് യാത്രക്കാർ. ഒക്ടോബർ 20-ാം തീയതി മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 15,507 പേർ. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണ്. ഒക്ടോബർ 21 വിജയദശമി ദിനം 11,074 പേരും യാത്ര ചെയ്തു.

ഉദ്ഘാടനച്ചടങ്ങിനിടെ വീണ് കുന്ദമംഗലം എംഎൽഎ എം. എ. റസാഖ് മാസ്റ്ററുടെ കാലിന് പരിക്ക്

ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്ററുടെ കാലിനു പരിക്ക്. പെരുവയലിൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനിടെ തെന്നി വീഴുകയായിരുന്നു. കാലിന് പ്ലാസ്റ്ററിട്ടു. കോഴിക്കോട് 25 ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സംഘടക സമിതി ചെയർമാനാണ് റസാഖ് മാസ്റ്റർ.

എസ്എടി ആശുപത്രിയിലെ എസ്എംഎ മരുന്ന് വിതരണം: വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എസ്എംഎ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കുറഞ്ഞ ചെലവിൽ കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ വിദഗ്ധ സമിതി നിർദേശിച്ച ഇന്ത്യൻ നിർമ്മിത മരുന്നാണ് നൽകുന്നത്. തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും ആശുപത്രി അഭ്യർത്ഥിച്ചു.

സിപിഎം നേതാവ് കെ. പി. ഉദയഭാനു കോൺഗ്രസ് അംഗത്തിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു നോട്ടീസ്.

കൊല്ലത്തെ മെഡിക്കൽ സ്റ്റോർ തീപിടിത്തം ഇൻഷുറൻസ് തട്ടിപ്പ്; ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം ചിന്നക്കടയിലെ നന്മ മെഡിക്കൽ സ്റ്റോറിലെ തീപിടിത്തം ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ തീവച്ചതാണെന്നു പോലീസ്. തീയിട്ട ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീർ അറസ്റ്റിലായി. ഉടമയായ സ്ത്രീയെ പോലീസ് തെരയുന്നു.

കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ 23 കാരൻ പിടിയിൽ. ‘തത്ത ബൈജു’ എന്ന ഊട്ടറ സ്വദേശി ബൈജുവാണ് പിടിയിലായത്. മുമ്പ് ഊട്ടറ വേലയ്ക്കിടെ പൊലീസുകാരിൽനിന്ന് അടികിട്ടിയതിന്റെ വൈരാഗ്യത്തിലാണ് സ്റ്റേഷനിലേക്ക് ബിയർ കുപ്പി എറിഞ്ഞത്.

കാക്കനാട് ലഹരിമരുന്ന് കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി നീതു തിരുവല്ലയിൽ അറസ്റ്റിൽ

കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളമായി ഒളിവ് കഴിയുകയായിരുന്ന രണ്ടാം പ്രതി നീതു പിടിയിൽ. പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവി(38)നെയാണ് തൃക്കാക്കര പോലീസ് തിരുവല്ലയിൽനിന്ന് അറസ്റ്റ് ചെയ്തത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് നീതുവിന്റെ അറസ്റ്റ്.

ചോദ്യം ചെയ്യലിന് സിജെപി നേതാക്കൾ ഹാജരായില്ല; പുതുക്കിയ തീയതി അറിയിക്കുമെന്ന് പോലീസ്

മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ട ഡൽഹി ക്രൈം ബ്രാഞ്ചിനു മുന്നിൽ സിജെപി നേതാക്കൾ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സൗരവ് ദാസ് അടക്കമുള്ള നേതാക്കൾ പൊലീസിനെ അറിയിച്ചു. പുതുക്കിയ തീയതി പോലീസ് പിന്നീട് അറിയിക്കും.

സമരത്തിൽ പങ്കെടുക്കില്ലെന്ന് ഒപ്പിടണമെന്ന വ്യവസ്ഥക്കെതിരെ നേഹാ ബോറയുടെ ഹർജിയിൽ വിധി ഇന്ന്

ഇനി സമരം നടത്തില്ലെന്ന് ഒപ്പിട്ടുകൊടുക്കണമെന്ന കീഴ്ക്കോടതിയുടെ ജാമ്യ വ്യവസ്ഥയ്ക്കും പോലീസിന്റെ ആവശ്യത്തിനും എതിരായ നേഹ ബോറയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി വാദം പൂർത്തിയാക്കി ഇന്ന് വിധി പറയും.

ടൈഗർ ഷ്രോഫ് വധശ്രമക്കേസ്: കൂടുതൽ ബോളിവുഡ് താരങ്ങൾ ലക്ഷ്യമെന്ന് വെളിപ്പെടുത്തൽ

ടൈഗർ ഷ്രോഫ് വധശ്രമകേസ് പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പോലീസ്. മുംബൈയിലെ താരങ്ങളുടെ വീടുകളിൽ പ്രതികൾ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അക്രമികൾക്ക് തോക്ക് എത്തിച്ചു നൽകിയ യുവതികൾ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിൽ വിട്ടു.

ഛത്തീസ്ഗഢിൽ യാത്രാബസ് മരത്തിലിടിച്ച് ദുരന്തം: 6 മരണം, 40 പേർക്ക് പരിക്ക്

ഛത്തീസ്ഗഢിലെ ഭരത്പൂർ ജില്ലയിൽ യാത്രാബസ് മരത്തിലിടിച്ച് ആറ് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. 46 യാത്രക്കാരുമായി കേൽഹാരിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു.

സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിലേക്ക്; ഓർമ്മക്കുറിപ്പ് പുസ്തകം ഉടൻ പ്രകാശനം ചെയ്യും

സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസാധകരിൽ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. അടുത്തമാസം പത്തിന് പുസ്തകം ഇന്ത്യയിൽ പ്രകാശനം ചെയ്യും.

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിളക്ക് തെളിക്കാനുള്ള ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിക്കൊപ്പം ഫ്ലൈദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാറിനും ക്ഷണമുണ്ട്.

ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു; 21 ഇന്ത്യക്കാരുള്ള കപ്പലും ഉൾപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ രാത്രി മൈനുകളിൽ തട്ടിയോ ആക്രമണത്തിലോ ആയി ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 21 ഇന്ത്യൻ ജീവനക്കാരുള്ള കുവൈറ്റ് കപ്പലും ഇതിലുൾപ്പെട്ടിട്ടുണ്ട്.

ടിബറ്റിൽ ശക്തമായ തുടർച്ചയായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി

ടിബറ്റിൽ തുടർച്ചയായ ഭൂചലനം. ഇന്ത്യൻ സമയം വൈകുന്നേരം 8:03നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തി.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ പേര് മാറ്റണമെന്ന ട്രംപിന്റെ ആവശ്യം ഗൂഗിൾ സിഇഒ തള്ളി

അറ്റ്ലാന്റിക് സമുദ്രത്തിന്റെ പേര് ‘ട്രംപ് ഓഷ്യൻ’ എന്നാക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. എന്നാൽ സമുദ്രങ്ങൾ പല രാജ്യങ്ങളുമായി പങ്കിടുന്നതിനാൽ ഈ നിർദേശം പിച്ചൈ നിരസിച്ചെന്നും ട്രംപ് വ്യക്തമാക്കി. മെക്സിക്കോ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ വിവാദം.

നൊബേൽ ലഭിക്കാത്തതിൽ അമർഷം: തനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കണമായിരുന്നുവെന്ന് ട്രംപ്

നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിൽ അമർഷമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന് അവകാശപ്പെട്ടു. പുലിറ്റ്സർ നേടിയ മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ തെറ്റാണെന്നും തന്റെ എഴുത്തിന് പുരസ്കാരം അർഹിച്ചിരുന്നുവെന്നുമാണ് സൗത്ത് കരോലിനയിലെ റാലിയിൽ അദ്ദേഹം പറഞ്ഞത്.

തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാക്കിയ പതിനായിരത്തോളം കമ്പനികൾക്കെതിരെ കുവൈറ്റ് നടപടി

വിദേശ തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത പതിനായിരത്തോളം കമ്പനികൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ്. രാജ്യത്ത് ആരെയും അനീതിക്കിരയാക്കില്ലെന്നും നിയമലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി.

മരിച്ചയാളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് വീട് തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ മരിച്ച വ്യക്തിയുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് വീട് സ്വന്തമാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. 2022-ൽ മരിച്ച ഡെന്നിസ് വെസ്റ്റ് എന്നയാളുടെ വീടാണ് ബ്രയാൻ ലൂയിസ് എന്ന ഉദ്യോഗസ്ഥൻ വ്യാജരേഖകളിലൂടെ തട്ടിയെടുത്തത്. യഥാർത്ഥ അവകാശികൾ എത്തിയതോടെയാണ് കോടികൾ വിലമതിക്കുന്ന ഈ സ്വത്ത് തട്ടിപ്പ് പുറത്തായത്.

600 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഭീമൻ മോവ പക്ഷിയുടെ മുട്ട ന്യൂസിലൻഡിലേക്ക്

600 വർഷം മുമ്പ് വംശനാശം സംഭവിച്ച പറക്കാനാകാത്ത ഭീമൻ പക്ഷിയായ മോവയുടെ അപൂർവ മുട്ട ഏകദേശം 60 വർഷത്തിന് ശേഷം ന്യൂസിലൻഡിലേക്ക് തിരിച്ചെത്തുന്നു. അമേരിക്കയിലെ സ്വകാര്യ ശേഖരത്തിലായിരുന്ന ഈ ചരിത്രാവശിഷ്ടം ജൈവസാങ്കേതികവിദ്യാ കമ്പനിയായ കൊളോസൽ ബയോസയൻസസ് ആണ് സ്വന്തമാക്കി ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നത്. ഡിസംബറോടെ മുട്ട ന്യൂസിലൻഡിൽ എത്തിക്കും.

ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി-20: ഇന്ത്യക്ക് ആവേശകരമായ വിജയം; സഞ്ജു സംസൺ ടോപ് സ്കോറർ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 33 പന്തിൽ 67 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 15 പന്തിൽ 42 റൺസെടുത്ത നമൻധീറിന്റെയും 28 പന്തിൽ 42 റൺസെടുത്ത ശ്രേയസ് അയ്യരുടെയും പ്രകടനങ്ങൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

എഐ വികസനത്തിന് വിദേശ കമ്പനികളെ ഏറ്റെടുക്കാൻ ഇന്ത്യൻ ഐടി രംഗം

ഡാറ്റ അനലിറ്റിക്സ്, എഐ മേഖലകൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യയിലെ ഐടി കമ്പനികൾ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു. യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളർ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളർ വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും. പ്രതീക്ഷിച്ചപോലെ വളർച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

ഗൂഗിൾ ക്രോം സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി; ‘ക്രോം 156’ ഉടൻ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം

ക്രോം ബ്രൗസറിന് വേണ്ടി സുപ്രധാന സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട അപ്ഡേറ്റ് ആണിത്. വിൻഡോസ്, മാക്ക്ഒഎസ്, ലിനക്സ് ഒഎസുകൾക്ക് വേണ്ടിയുള്ള ‘ക്രോം 156’ അപ്ഡേറ്റാണ് പുറത്തിറക്കിയത്. ഗ്രാഫിക്സ്, ആക്സസിബിലിറ്റി, റെൻഡറിങ്, കമ്മ്യൂണിക്കേഷൻ ഫീച്ചറുകൾ എന്നിവയിലെ ആറ് നിർണായക ബഗുകൾ ഉൾപ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്.

അനൂപ് മേനോൻ ചിത്രം ‘ചിരം’: പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ചിരം’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ആ മലയ്ക്കപ്പുറം..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. കെ രാജഗോപാൽ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാൽ, ഡോ. ബിനീത എന്നിവർ ചേർന്നാണ്. വിശ്വഭാരതി സർവ്വകലാശാല പശ്ചാത്തലമാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ട്രെയ്ലർ പുറത്തിറങ്ങി

കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ധർമരാജ് ഷെട്ടിയാണ് സീരീസ് രചിച്ച് സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ ആഗോളതലത്തിൽ സ്ട്രീമിങ് ആരംഭിക്കും.

ഹീറോ എക്സ്ട്രീം 160ആർ 4വി 2026 പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു

ഹീറോ മോട്ടോകോർപ്പിന്റെ പുതിയ ബൈക്ക് അപ്ഡേറ്റ് ആയ എക്സ്ട്രീം 160ആർ 4വി 2026 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) വില. മൂന്ന് വേരിയന്റുകളിൽ പുതിയ പതിപ്പ് ലഭ്യമാണ്. സ്റ്റാൻഡേർഡ് വേരിയന്റിനാണ് 1.27 ലക്ഷം രൂപ വില. പ്രോയ്ക്ക് 1.37 ലക്ഷം രൂപയും കാർബണിന് 1.41 ലക്ഷം രൂപയുമാണ് വില. നവംബർ ഒന്നിന് ഇതിന്റെ ഡെലിവറി ആരംഭിക്കും.

സാഹിത്യ നിരൂപണ കൃതി ‘വാക്കെൻ സമരായുധം’ പ്രസിദ്ധീകരിച്ചു

മലയാളികളുടെ മനസ്സ് ഉഴുതുമറിച്ച സാഹിത്യസാംസ്കാരിക നായകന്മാരുടെ കൃതികളിൽനിന്നുള്ള വാക്യങ്ങളെയും ചിന്തകളെയും ആധാരമാക്കി എം. ഹരിദാസ് രചിച്ച ‘വാക്കെൻ സമരായുധം’ എന്ന പുസ്തകം ഗ്രീൻ ബുക്സ് പുറത്തിറക്കി. വില 230 രൂപ.

ആരോഗ്യ പരിപാലന സർവേ: ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ആരോഗ്യ സംരക്ഷണ നിലവാരത്തിൽ മുന്നിലുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് മാർക്കറ്റ് റിസർച്ച് കമ്പനിയായ ഇപ്സോസ്. 32 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ‘ഇപ്സോസ് ക്വാളിറ്റി ഓഫ് കേർ പെർസെപ്ഷൻ ഇൻഡക്സ്’ പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് മലേഷ്യയും രണ്ടാംസ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. എന്നാൽ ചികിത്സാച്ചെലവ് ഉയർന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here