കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളത്തെ കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ മറുപടി നൽകാൻ പ്രതിയുടെ കുടുംബത്തോട് കോടതി നിർദേശിച്ചിരുന്നു.
പ്രോസിക്യൂഷന്റെയും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും ഹർജികളും ഇന്ന് പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപേക്ഷ കോടതി നേരത്തേ അനുവദിച്ചിരുന്നു.
പ്രതി അമിതവേഗത്തിൽ കാറോടിക്കുന്നതിന്റെ മൂന്ന് ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. മണിക്കൂറിൽ 104 കിലോമീറ്റർ വരെ വേഗത്തിലാണ് പ്രതി വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പതിനേഴുകാരനിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്നും വാഹനം ഓടിക്കാൻ പഠിച്ച സാഹചര്യം അന്വേഷിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരസ്യമായി നിയമലംഘനം നടത്തി വാഹനമോടിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വാർത്തകൾ പുറത്തുവന്നശേഷമാണ് പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയതെന്നും ഇത്തരം നടപടികൾ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദിച്ചിരുന്നു. തുടർന്നാണ് പ്രതിയുടെ കുടുംബത്തിന് കോടതി നോട്ടീസ് അയച്ചത്.
ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
Advertisement



























