തിരൂർ: കാമുകനെ ഒഴിവാക്കാൻ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും നാലു സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശി പനങ്ങാട്ട്തൊടി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസറുദ്ദീൻ (25) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്.
സഫാനയുടെ ആൺസുഹൃത്തിനെ ഒഴിവാക്കാനായിരുന്നു സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപാതകശ്രമത്തിന് പദ്ധതിയിട്ടത്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ, സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ബൈക്കിൽ കൂട്ടിക്കൊണ്ടുപോയ യുവാവിനെ പിന്നീട് കാറിൽ കയറ്റി ക്രൂരമായി മർദിച്ചു. തുടർന്ന് താഴെപ്പാലം പുഴയോരത്ത് റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവ് പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്. അറസ്റ്റിലായ ഇർഷാദും അസറുദ്ദീനും മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് മുമ്പ് ജയിലിലായിട്ടുണ്ട്. തീരദേശ മേഖലയിൽ നടന്ന വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലും ഇരുവരും പ്രതികളാണ്.
തിരൂർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




























