27.5 C
Kollam
Wednesday 25th November, 2026 | 09:27:27 PM
Home News Breaking News കേരള സർവകലാശാലയിലെ കരാർ അധ്യാപക നിയമനങ്ങളും സംവരണ മാനദണ്ഡങ്ങളും: ആശങ്കകൾക്ക് അടിസ്ഥാനമില്ല; നിയമന പ്രക്രിയ തടസ്സപ്പെടുത്താൻ...

കേരള സർവകലാശാലയിലെ കരാർ അധ്യാപക നിയമനങ്ങളും സംവരണ മാനദണ്ഡങ്ങളും: ആശങ്കകൾക്ക് അടിസ്ഥാനമില്ല; നിയമന പ്രക്രിയ തടസ്സപ്പെടുത്താൻ ശ്രമം

Advertisement

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്കുള്ള കരാർ അധ്യാപക നിയമനങ്ങളിലെ സംവരണ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, പി.എസ്.സി മാതൃകയിലുള്ള സുതാര്യമായ നടപടിക്രമങ്ങളാണ് ഇതിനായി സ്വീകരിക്കുന്നതെന്നും
കെ. യു. ടി. ഒ. മുൻ ജനറൽ സെക്രട്ടറി ഡോ. താജുദ്ദീൻ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിഷയത്തിലെ നിയമപരവും പ്രായോഗികവുമായ വശങ്ങൾ താഴെ പറയുന്നവയാണ്:

പി.എസ്.സി മാതൃകയിലുള്ള റാങ്ക് പട്ടിക: ഉദ്യോഗാർത്ഥികളുടെ യോഗ്യതയുടെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മെറിറ്റ് ക്രമത്തിലാണ് നിലവിൽ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. കേരള പി.എസ്.സി പിന്തുടരുന്നതുപോലെ, റാങ്ക് ലിസ്റ്റ് നിലവിൽ വന്ന ശേഷം ഓരോ പഠനവകുപ്പിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് നിലവിലുള്ള സംവരണ റൊട്ടേഷൻ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിയമന ഉത്തരവ് നൽകുന്നത്. ഓരോ പഠനവകുപ്പിലേക്കും പ്രത്യേക വിജ്ഞാപനം (Notification) വഴിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് എന്നതിനാൽ, ഓരോ വിജ്ഞാപനത്തിനും പ്രത്യേക സംവരണ പട്ടികയാണ് ഉണ്ടാകേണ്ടത്.

പ്രായോഗിക ബുദ്ധിമുട്ടുകളും അധ്യയന തടസ്സവും: സ്ഥിരം തസ്തികകളിൽ നിന്ന് വ്യത്യസ്തമായി, കരാർ അധ്യാപകർക്ക് മറ്റ് സ്ഥിരം ജോലികൾ ലഭിക്കുമ്പോൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ രാജിവെച്ചു പോകുന്ന സാഹചര്യം സാധാരണമാണ്. കരാർ നിയമനങ്ങൾക്ക് സർവകലാശാലയെ ഒരൊറ്റ യൂണിറ്റായി (Single Unit) കണക്കാക്കിയാൽ, ഓരോ ഒഴിവ് വരുമ്പോഴും എല്ലാ പഠനവകുപ്പുകളിലെയും റോസ്റ്റർ നില പൂർണ്ണമായി പരിശോധിക്കേണ്ടി വരും. ഇത് അടുത്ത നിയമനത്തിന് വലിയ കാലതാമസമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല, ഒന്നും രണ്ടും റാങ്കുകൾ നേടിയ അർഹരായ പല ഉദ്യോഗാർത്ഥികൾക്കും ഇത് അവസരനഷ്ടമുണ്ടാക്കും.

നിയമപരമായ അവ്യക്തതയും കോടതി പരിഗണനയും: കെ.എസ് & എസ്.എസ്.ആർ (KS&SSR) ചട്ടങ്ങൾ പ്രകാരം കരാർ നിയമനങ്ങളിൽ സംവരണം പാലിക്കേണ്ടതുണ്ടെങ്കിലും, ഇതിനായി ഓരോ പഠനവകുപ്പിനെയും പ്രത്യേക യൂണിറ്റായി കണക്കാക്കണമോ അതോ സർവകലാശാലയെ ഒരൊറ്റ യൂണിറ്റായി കാണണമോ എന്നതിൽ വ്യക്തതയില്ല. 16-02-2026-ലെ യു.ജി.സി (UGC) കത്തിലും ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശമില്ലാത്തതിനാൽ വിഷയം നിലവിൽ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായി മുന്നോട്ട് പോകുന്നതാണ് ഉചിതം.

സാങ്കേതിക തിരുത്തലും തുടർനടപടികളും: റാങ്ക് ലിസ്റ്റിന്റെ അവസാന ഭാഗത്ത് “ഈ റാങ്ക് ലിസ്റ്റ് ഉടൻ കമ്മ്യൂണിറ്റി വൈസ് ആയി പുറത്തിറക്കും” എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് സാങ്കേതികമായി തിരുത്തേണ്ടതുണ്ട്. പകരം, “നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ സംവരണ റോസ്റ്റർ പാലിച്ചുകൊണ്ട്, ഓരോ പഠനവകുപ്പിലും റിപ്പോർട്ട് ചെയ്യുന്ന ഒഴിവിന് അനുസരിച്ച് നിയമന ഉത്തരവ് നൽകുന്നതായിരിക്കും” എന്ന് ഭേദഗതി വരുത്തി കോടതിയെ ബോധിപ്പിച്ച് അടിയന്തരമായി നിയമന നടപടികളിലേക്ക് കടക്കുകയാണ് സർവകലാശാല ചെയ്യേണ്ടത്.

രാഷ്ട്രീയ പ്രേരിതമായ തടസ്സപ്പെടുത്തലുകൾ:

വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ അടിയന്തരമായി കരാർ നിയമനങ്ങൾ നടത്തേണ്ട സാഹചര്യത്തിൽ, ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ നിയമന പ്രക്രിയയെ ബോധപൂർവ്വം തടയിടാൻ ശ്രമിക്കുകയാണ്. 2013-ൽ അധ്യാപക നിയമനങ്ങളുടെ റൊട്ടേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയപ്പോൾ അനാവശ്യ കാരണങ്ങൾ പറഞ്ഞ് അന്നത്തെ വൈസ് ചാൻസിലർ ഡോ. പി.കെ. രാധാകൃഷ്ണനെ നിയമനങ്ങളിൽ നിന്ന് തടയുകയും, പിന്നീട് അതേ വിജ്ഞാപനം ഉപയോഗിച്ച് ഇടത് സിൻഡിക്കേറ്റ് നിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ, ഇപ്പോഴത്തെ നിയമനങ്ങൾ തടസ്സപ്പെടുത്തി അഞ്ച് വർഷത്തിന് ശേഷം ഇതേ വിജ്ഞാപനം ഉപയോഗിച്ച് തങ്ങൾക്ക് താല്പര്യമുള്ള നിയമനങ്ങൾ നടത്താനാണ് ഇടത് അംഗങ്ങൾ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here