തിരുവനന്തപുരം. സർക്കാരിന് വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി പുതിയതായി രൂപീകരിച്ച സർവ്വകലാശാലാ ധനകാര്യ കമ്മീഷൻ്റെ പ്രവർത്തന ചെലവ് സംസ്ഥാനത്തെ സർവകലാശാലകൾ വഹിക്കണമെന്ന സർക്കാർ ഉത്തരവ് സർവകലാശാലകളുടെ സ്വയം ഭരണാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് കേരള ഹയർ എഡ്യൂക്കേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ ആരോപിച്ചു.
സംസ്ഥാന ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ ബി എ പ്രകാശ് ചെയർമാനും, കാലിക്കറ്റ് സർവകലാശാലാ സാമ്പത്തിക ശാസ്ത്രം മുൻ മേധാവി കെ പി മാണി, മുൻ സ്പെഷ്യൽ സെക്രട്ടറി ബേബി കുര്യൻ, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സമീർ കിഷൻ എന്നീ നാല് പേർ അംഗങ്ങളുമായുള്ള സർവ്വകലാശാലാ ധനകാര്യ കമ്മീഷനാണ് സർക്കാർ ഈയിടെ രൂപീകരിച്ചത്. ചെയർമാനും അംഗങ്ങൾക്കും പ്രതിദിനം 5000 രൂപ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് ഹോണറേറിയം നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. കമ്മീഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ട് ലക്ഷം രൂപ വീതം സർവകലാശാലകൾ അടിയന്തിരമായി നൽകണമെന്നും സർക്കാർ നിർദ്ദേശത്തിലുണ്ട്.
സർക്കാരിനോട് വിധേയത്വം പുലർത്തുന്നവരെ ഉൾപ്പെടുത്തി ഇത്തരമൊരു കമ്മീഷൻ രൂപീകരിച്ചത് സർക്കാരിന്റെ മാത്രം താൽപര്യപ്രകാരമാണ്. ഇക്കാര്യത്തിൽ സർവ്വകലാശാലകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ താൽപര്യമോ ആവശ്യമോ ഉന്നയിക്കപ്പെട്ടിട്ടില്ല. വസ്തുത ഇതായിരിക്കെ, സർക്കാർ സ്വമേധയാ രൂപീകരിച്ച കമ്മീഷന്റെ പ്രവർത്തന ചെലവ് സർവകലാശാലകൾ വഹിക്കണം എന്നത് യാതൊരു തരത്തിലും നീതീകരിക്കാൻ കഴിയുന്ന ഒന്നല്ല. ഓരോ വർഷവും സർക്കാർ സർവ്വകലാശാലകൾക്ക് നൽകിവരുന്ന ഗ്രാന്റുകളിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നു. എന്നുമാത്രമല്ല; ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന വിഹിതത്തിന്റെ തന്നെ നാലിലൊന്നു മാത്രമാണ് മിക്കപ്പോഴും സർവ്വകലാശാലകൾക്ക് ലഭിക്കാറുള്ളത്.
അതുകൊണ്ടുതന്നെ, സർവ്വകലാശാലകൾ സുഗമമായ പ്രവർത്തനത്തിന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ ഇഷ്ടക്കാരെ തീറ്റി പോറ്റുന്നതിനു കൂടി പണം കണ്ടെത്തണമെന്ന നിർദ്ദേശം വിചിത്രമാണ്. കമ്മീഷൻ്റെ പ്രാരംഭ പ്രവർത്തന ചെലവും അലവൻസും അനുബന്ധ ചെലവുകളും ഒക്കെ ചേരുമ്പോൾ സർവകലാശാലകൾക്ക് അത് കനത്ത ബാധ്യതയായി തീരുന്നതാണ്. ഉദിഷ്ട കാര്യത്തിനുള്ള ഉപകാര കമ്മീഷൻ സർവകലാശാലകൾക്ക് ബാധ്യതാ കമ്മീഷനായി മാറുമെന്നുറപ്പാണെന്ന് ചെയർമാൻ ഡോ. കെ ജയപ്രസാദ്, കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ എന്നിവര് പറഞ്ഞു.


































