29.9 C
Kollam
Friday 20th November, 2026 | 03:32:23 PM
Home News Breaking News അരിയിൽ ഷുക്കൂർ വധകേസിലെ വിധിക്ക് പിന്നാലെ പി ജയരാജൻ്റെ സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാക്കി കേരളം

അരിയിൽ ഷുക്കൂർ വധകേസിലെ വിധിക്ക് പിന്നാലെ പി ജയരാജൻ്റെ സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാക്കി കേരളം

Advertisement

കണ്ണൂർ:അരിയിൽ ഷുക്കൂർ വധകേസിൽ കോടതി വിധിയ്ക്ക് ശേഷം സി പി എം നേതാവ് പി ജയരാജൻ പുറത്ത് വിട്ട സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു. അന്ന്ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന കെ കെമാൽ പാഷയുടെ പേര് എടുത്ത് പറയാതെ നടത്തിയ വിമർശനമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ മുഖ്യചർച്ച

പി ജയരാജൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

ഇന്നലെ വിധി വന്ന അരിയിൽ കേസ് സംബന്ധിച്ച് പ്രമുഖ പത്രങ്ങൾ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ ഇന്ന് നൽകിയ വാർത്തകളിൽ ഞാനും ടി.വി. രാജേഷും ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്നാണ് എഴുതിയിരിക്കുന്നത്.

യഥാർത്ഥത്തിൽ അന്ന് മുസ്ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ പോയ ഞങ്ങളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചത് പാർട്ടി പ്രവർത്തകരല്ല, മറിച്ച് അന്നത്തെ പോലീസാണ്. ഞങ്ങൾക്ക് പരിക്കേറ്റു എന്ന് പോലീസിന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് അവർ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചത്.

എന്നിട്ടും കേസിന്റെ വിധി വന്ന ഘട്ടത്തിൽ ഞങ്ങൾ ആക്രമിക്കപ്പെട്ടതിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള അധമ മാധ്യമ പ്രവർത്തനമാണ് ചിലർ നടത്തുന്നത്. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങൾ തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

വർഷങ്ങളായി മനസ്സിൽ കരുതിയ ഒരു കാര്യം കൂടി ഈ സന്ദർഭത്തിൽ തുറന്നു പറയേണ്ടതുണ്ടെന്ന് തോന്നുന്നു. മേൽപറഞ്ഞ അധമ മാധ്യമ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെട്ട് ഇന്ത്യയിൽ നിയമവിധേയ പ്രവർത്തനം നടത്തുന്ന സി.പി.ഐ (എം) ന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ “സ്വയം പ്രഖ്യാപിത നാടുവാഴി” യായി ഒരു മുൻ വിധികർത്താവ് എഴുതി വെക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ പിടികൂടിയ മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് കൂടി ചികിത്സ നടത്തണം. അത് സ്വതന്ത്രമായ നീതി നിർവ്വഹണ സംവിധാനത്തിന് കരുത്ത് പകരും.

ഈ കേസിൽ ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്ലിം ലീഗാണ്. തങ്ങൾ വരച്ച വരയിൽ നിർത്തി കോടതിയിൽ കള്ളമൊഴി നൽകിക്കാൻ അവർ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാൽ, അവർ കൊണ്ടുവന്ന സാക്ഷികളിൽ ചിലർ കോടതിയിൽ നുണ പറയാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം.

അതിലൊരാൾ വിദേശത്തുനിന്ന് വിമാനമാർഗ്ഗം കേരളത്തിലെത്തി കോടതിയുടെ കോമ്പൗണ്ട് വരെ എത്തിയതാണ്. എന്നിട്ടും അദ്ദേഹത്തെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തനിക്ക് തെറ്റായ കാര്യങ്ങൾ കോടതിയിൽ പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതുകൊണ്ടാണ് പ്രോസിക്യൂഷൻ പിന്മാറിയത്.

മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായ ചില സാക്ഷികൾ എങ്കിലും ഇത്തരത്തിൽ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്. ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല.

അതുപോലെ, കേസിന്റെ തുടക്കത്തിൽ ഞങ്ങൾക്കെതിരെ മൊഴി നൽകാൻ വന്ന രണ്ട് സാക്ഷികൾക്ക്, തങ്ങൾ ഉന്നയിക്കുന്ന കുറ്റം തങ്ങൾക്കെതിരെയും ബാധകമാകുമെന്ന് ബോധ്യപ്പെട്ടു. അതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം വന്നത്.

സത്യത്തിലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന മനുഷ്യർക്ക് കള്ളം പറയാൻ സാധിക്കാത്തതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്.

ഈ കേസിൽ വിധി വന്നിരിക്കുന്നു; അതിന്റെ തുടർ നിയമനടപടികൾ സ്വാഭാവികമായും മുന്നോട്ട് പോകും. എന്നാൽ, രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന ഇത്തരം തെറ്റായ കീഴ് വഴക്കങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here