29.9 C
Kollam
Friday 20th November, 2026 | 03:02:08 PM
Home News Breaking News പി എം ശ്രീ :വി ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിൽ വീണ്ടും പോര്; ടി പി...

പി എം ശ്രീ :വി ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിൽ വീണ്ടും പോര്; ടി പി രാമകൃഷ്ണനേയും പരിഹസിച്ച് ശിവൻകുട്ടി

Advertisement

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയെച്ചൊല്ലി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പരസ്യമായ വാക്പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്.

എന്ത് പ്രശ്നം വന്നാലും വീണ്ടും പിഎം ശ്രീ വിഷയം ഉയർത്തിപ്പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വി. ശിവൻകുട്ടി വിമർശിച്ചിരുന്നു. സമഗ്ര ശിക്ഷാ കേരള ഫണ്ട് ലഭിക്കുന്നതിനായി പദ്ധതിയിൽ ഒപ്പിടുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നും, പദ്ധതിയിൽ ഒപ്പിട്ടത് ദൗർബല്യം കൊണ്ടാണെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പരാമർശം തള്ളുന്നതായും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

ശിവൻകുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഒരു പ്രകോപനവുമില്ലാതെ അനവസരത്തിൽ ആർക്കുവേണ്ടിയാണ് ശിവൻകുട്ടി ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ എന്നും സിപിഐയെ അറിയില്ലെങ്കിൽ അത് പഠിക്കാൻ ശ്രമിക്കണമെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു. കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്ത് മുന്നണിക്കുള്ളിൽ അനാവശ്യ വിവാദങ്ങൾ കുത്തിപ്പൊക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെച്ചൊല്ലി നേരത്തെ തന്നെ സിപിഎമ്മും സിപിഐയും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യമാണെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, ഇത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്നും ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് സിപിഐയുടെ നിലപാട്. മുൻപ് കടുത്ത എതിർപ്പിനെത്തുടർന്ന് പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും പരസ്യമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here