കോഴിക്കോട്. അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെ ചേർത്തുപിടിച്ച് സിപിഐഎം. കണ്ണൂർ ജയിലിലേക്ക് അയച്ച കുറ്റവാളികൾക്ക് വീരോചിതമായ യാത്രയയപ്പ് നൽകിയ നേതൃത്വം അപ്പീൽ ഉൾപ്പെടെ, വേണ്ടതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിച്ചു. പ്രതിരോധം അപരാധമല്ലെന്ന പ്രചാരണവുമായി സമൂഹമാധ്യമങ്ങളിൽ സൈബർ അണികളുടെ പിന്തുണയും ശക്തമാണ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ തള്ളിപ്പറയില്ലെന്ന് മാത്രമല്ല, സംരക്ഷിക്കുമെന്ന് കൂടി പ്രഖ്യാപിക്കുകയാണ് സിപിഐഎം. പാർട്ടി കൂടെയുണ്ടെന്നുറപ്പിക്കാൻ ഇന്നലെ ജയിലിലേക്ക് വീരോചിതമായ യാത്രയയപ്പ്.
ഹോൾഡ് (മുദ്രാവാക്യം)
മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കുറ്റവാളികൾ ജയിലിലേക്ക് പോകുന്ന ദൃശ്യങ്ങൾ പങ്കുവെക്കുന്നത് അണികൾ മാത്രമല്ല, മുതിർന്ന നേതാക്കൾ കൂടിയാണ്. പോരാട്ടവീര്യത്തെ ജയിലിൽ അടയ്ക്കാനാകില്ലെന്ന് പി.പി.ദിവ്യയുടെ എഫ് ബി പോസ്റ്റ്. സോഷ്യൽ മീഡിയയിലും ശിക്ഷിക്കപ്പെട്ടവർക്കുള്ള സിപിഎം പിന്തുണ വ്യാപകമാണ്. എക്കാലവും പി.ജയരാജന് വേണ്ടി സംസാരിക്കാറുള്ള റെഡ് ആർമി ഫേസ്ബുക്ക് പേജ് കുറ്റവാളികളെ അഭിവാദ്യം ചെയ്യാൻ പ്രതിരോധം അപരാധമല്ലെന്ന പഴയ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യം കടമെടുത്തു. ശിക്ഷിക്കപ്പെട്ടവർക്ക് സോഷ്യൽമീഡിയയിൽ മാത്രമാകില്ല പിന്തുണയെന്ന് നേതാക്കളും വ്യക്തമാക്കുന്നുണ്ട്. ഇവരുടെ അപ്പീലിനും കേസ് നടത്തിപ്പിനും വേണ്ട സഹായങ്ങൾ സിപിഐഎം ചെയ്യും.
കണ്ണൂരിലെ മറ്റു രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി കില്ലർ സ്ക്വാഡുകൾക്ക് പകരം പ്രാദേശി പാർട്ടി പ്രവർത്തകരും നേതാക്കളും നേരിട്ട് നടപ്പാക്കിയ കൊലപാതകമായിരുന്നു ഷൂക്കൂറിന്‍റേത്. തിരുത്തലിന്‍റെ കാലത്തും നിഷ്ഠൂരമായ കൊലപാതകത്തെ നേതൃത്വം ന്യായീകരിക്കുന്നതിന്റെയും കുറ്റവാളികളെ സംരക്ഷിക്കുന്നതിന്‍റെയും കാരണം മറ്റൊന്നല്ല. എന്നാൽ രാഷ്ട്രീയ കൊലപാതകത്തിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടും പാർട്ടി നൽകുന്ന പിന്തുണയിൽ വിമർശനവും വ്യാപകമാണ്. മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് മാർക്സിസമോ ഇടതുപക്ഷനയമോ അല്ലെന്ന് സിപിഐഎം വിട്ടുപുറത്തുപോയ മനു തോമസ് പറഞ്ഞു.


































