റാസൽഖൈമ: റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് അപകടത്തിൽ മരിച്ചവരിൽ കൊച്ചി സ്വദേശി മുഹമ്മദ് ആഷിക്കിനെ (29) കൂടി തിരിച്ചറിഞ്ഞു. ഇനി ഒരാളെക്കൂടി തിരിച്ചറിയാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ അൽ വതൻ റോഡിലുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്. നേരത്തെ കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരെ തിരിച്ചറിഞ്ഞിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറു ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 11 ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. ശ്രീലങ്ക, ഫിലിപ്പീൻസ് സ്വദേശികളായ രണ്ടുപേരും മരിച്ചു.
വീസ പുതുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാനിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 11 പേർ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരുടെ വിവരങ്ങൾ അധികൃതർ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.


























