കൊച്ചി:മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനും മറ്റു പ്രതികൾക്കുമെതിരായ പ്രോക്സിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായതിനാൽ വെള്ളാപ്പള്ളി നടേശനെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട് സ്വീകരിച്ചത്. എന്നാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസിന്റെ നിലപാട്.
പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ, പിന്നോക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2003നും 2014നും ഇടയിൽ എട്ട് തവണകളായി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി അനുവദിച്ച 15.85 കോടി രൂപയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2016-ലാണ് കേസ് രജിസ്റ്റർ ചെയ്തത്.































