കൊച്ചി: സി എം.ആർ.എൽ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് ഈ നിർണായക ഹർജിയിൽ തീർപ്പ് കൽപ്പിച്ചത്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളുണ്ടെന്നും, അതിനാൽ പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് എഫ്.ഐ.ആർ ഇട്ട് കേസെടുക്കണമെന്നുമാണ് പൊതുപ്രവർത്തകനായ അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലെ ആവശ്യം.
ഹർജിക്കാരന്റെ വാദത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇ.ഡി സ്വീകരിച്ചത്. പി.എം.എൽ.എ (PMLA) സെക്ഷൻ 66(2) പ്രകാരം തങ്ങൾ കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമാണ് വേണ്ടതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വീകരിച്ചത്. ഹർജി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു.
കേന്ദ്ര ഏജൻസിയായ ഇ.ഡി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന പ്രധാന നിയമപ്രശ്നത്തിലാണ് കേരള ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

































