കോഴിക്കോട്. വെസ്റ്റ്ഹിൽ ബിജി റോഡിലെ ഷിംജിത്ത് വളർത്തിയ കുതിരകളുടെ ദയനീയ സ്ഥിതി തുടരുന്നു. ചാണകം തള്ളിയതിൻ്റെ പേരിൽ അയൽവാസിയെ വെടിവച്ച യുവാവ് വീട്ടിൽ വളർത്തിയിരുന്ന കുതിരകളാണ് ഇയാൾ റിമാൻഡിലായതോടെ ദിവസങ്ങളായി പട്ടിണിയിലായത്.
കോഴിക്കോട് കോർപ്പറേഷൻ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കുതിരയെ പരിചരിക്കാൻ പരിശീലനം കിട്ടിയ ആളെ കിട്ടാത്തതാണ് പ്രതിസന്ധി. ഒരാഴ്ച കാലത്തേക്ക് ആണ് കോർപ്പറേഷൻ്റെ പരിചരണ ചുമതല. ഇതിനായി പരിശീലനം ലഭിച്ച ആളുടെ സഹായത്തിനായി കോർപ്പറേഷൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നടപടി ആയില്ല. അയൽവാസിയായ പുഷ്പലതയെ എയർഗൺ കൊണ്ട് വെടിവെച്ച ഷിംജിത്ത് നിലവിൽ റിമാൻഡിൽ ആണ്. കുതിരകളുടെ ദുരിത സ്ഥിതി വാർത്തയായതിന് പിന്നാലെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കോർപറേഷൻ നൽകിയ ഉറപ്പാണ് വൈകുന്നത്.
കുതിരകളുടെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ഇവയെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ലേലത്തിൽ നൽകാനായിരുന്നു ആലോചന. വൃത്തിഹീന സാഹചര്യത്തിലും കോർപ്പറേഷൻ അനുമതിയില്ലാതെയുമാണ് ഷിംജിത്ത് കുതിരകളെ വീട്ടിൽ വളർത്തിയിരുന്നത്. മലിന സാഹചര്യത്തിൽ വീടിനു ചുറ്റും കുതിര ചാണകം കൂട്ടിയിടുകയും അയൽ വീട്ടിലേക്ക് തള്ളുകയും ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഷിംജിത്ത് പുഷ്പലതയെ വെടിവെച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

































