പാലക്കാട്. മലമ്പുഴ ഉദ്യാനം ക്രിസ്മസിന് മുൻപ് ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിൻ്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ. ഒന്നരവർഷത്തോളം ഉദ്യാനം അടച്ചിട്ടതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്..
ഒരുകാലത്ത് കേരള ടൂറിസത്തിന്റെ മുഖമായിരുന്നു മലമ്പുഴ ഉദ്യാനം. എന്നാൽ കഴിഞ്ഞ ഒന്നരവർഷമായി ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. വൃന്ദാവൻ മാതൃകയിൽ നിർമാണ പ്രവർത്തികൾക്കായി കേന്ദ്ര സർക്കാരിൻ്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 70 കോടിയോളം രൂപ അനുവദിച്ചെങ്കിലും ഒന്നരവർഷം പിന്നിടുമ്പോഴും പണികൾ പൂർത്തായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ സന്ദർശനത്തിൽ പണികൾ ആരംഭിക്കാത്തതിൽ സുരേഷ് ഗോപി വിമർശനം ഉയർത്തിയിരുന്നു. തുടർ അവലോകനത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഇന്നത്തെ സന്ദർശനം. നിലവിൽ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആണെന്നും ക്രിസ്മസിനു മുൻപായി ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മലമ്പുഴയിൽ വലിയ ടൂറിസം സാധ്യതകൾക്കു അവസരമുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്ന് കൂടി അദ്ദേഹം കൂട്ടി ചേർത്തു.
പാലക്കാട് എം പി വികെ ശ്രീകണ്ഠൻ, എ പ്രഭാകരൻ എംഎൽഎ. ഉദ്യാന നവീകരണ കമ്മിറ്റി കൺവീനർ സി. കൃഷ്‌ണകുമാർ, ജില്ലാ കളക്ടർ സുധീർ കെ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ പദ്ധതിയുടെ നിർമ്മാണ പുരോഗതിയും പ്രവർത്തനങ്ങളും മന്ത്രിക്ക് വിശദീകരിച്ചു നൽകി. ക്രിസ്മസിന് മുൻപ് ജനങ്ങൾക്കായി ഉദ്യാനം തുറന്നു നൽകിയില്ലെങ്കിൽ അതിന്റെ നഷ്ടം വഹിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി മുന്നറിയിപ്പു നൽകി






























