കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസവും നീങ്ങി. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സര്‍വ്വകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആറാഴ്ചക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവിട്ടത്.
സസ്‌പെന്‍ഷന്‍ നിയമപരമല്ലെന്ന് വ്യക്തമാക്കിയ കോടതി സര്‍വ്വകലാശാല സ്വാഭാവിക നീതി നിഷേധിച്ചതായും വിലയിരുത്തി. 84 ദിവസത്തെ സസ്‌പെന്‍ഷന്‍ തന്നെ ശിക്ഷയല്ലേ എന്നും കോടതി ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം തകര്‍ക്കരുതെന്നും കോടതി.
വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു സര്‍വകലാശാലയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ട്. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സര്‍വകലാശാല അധികൃതര്‍. എന്നാല്‍, മാപ്പുമില്ല, ഒരു കോപ്പുമില്ല’എന്ന ഉറച്ച നിലപാടുമായി എസ്എഫ്‌ഐയും വിദ്യാര്‍ഥികളും സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി, സര്‍വ്വകലാശാലക്ക് വേണമെങ്കില്‍ ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി.. പുനരന്വേഷണം നടക്കുന്ന കാലയളവില്‍ ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സര്‍വ്വകലാശാലയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാകൂ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെയും നിലപാട്.
സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍വ്വകലാശാല ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ പരിഗണനക്ക് വന്നത്.
കേരള ഹൈക്കോടതിയുടെ വിധിവന്നതിനെത്തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തുടർന്നുവന്ന അനിശ്ചിതകാല നിരാഹാര സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു. കോടതി വിധി പുറത്തുവന്നതോടെ സമരപന്തലിൽ വിദ്യാർത്ഥികളുടെ ആഹ്ലാദം അലതല്ലി. “ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല” എന്നായിരുന്നു സസ്പെൻഷനെതിരെ സമരം ചെയ്ത വിദ്യാർഥികളുടെ ആദ്യ പ്രതികരണം.





























