കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സർവകലാശാലയ്ക്കും സർക്കരിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി സർവകലാശാലയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
3 മാസം സസ്പെൻഡ് ചെയ്തിട്ട് ഇനിയെന്തിനാണ് വിദ്യാർഥികൾ മാപ്പു പറയേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. വിദ്യാർഥികളെ ഇത്ര ദിവസം പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീർന്നില്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്തിനാണെന്നും ചോദിച്ചു. ഹർജിയിൽ വെള്ളിയാഴ്ച വിശദവാദം കേൾക്കും.
വിദ്യാർഥികളെ എന്തിനാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥികൾ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഇപ്പോൾ 60 ദിവസം കഴിഞ്ഞില്ലേ? സർവകലാശാലയുടെ അരിശം ഇതുവരെ തീർന്നില്ലേ? വിദ്യാർഥികൾ മൂന്ന് മാസമായി പുറത്താണ്. ഒരു വിഷയത്തിൽ രണ്ട് എഫ്ഐആർ എങ്ങനെ നിലനിൽക്കും- കോടതി ചോദിച്ചു. സർവകലാശാലയുടെ ഓഫീസ് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് വിദ്യാർഥികളുടെ ഹർജി പരിഗണിച്ചത്.































