26.3 C
Kollam
Monday 9th November, 2026 | 09:24:50 AM
Home News Kerala ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ ,കൊച്ചിയില്‍ 17 വയസുകാരന് ക്രൂരമര്‍ദനം,സുഹൃത്തിന്‍റെ അമ്മ പിടിയില്‍

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ ,കൊച്ചിയില്‍ 17 വയസുകാരന് ക്രൂരമര്‍ദനം,സുഹൃത്തിന്‍റെ അമ്മ പിടിയില്‍

Advertisement

കൊച്ചി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊച്ചിയില്‍ 17 വയസുകാരന് ക്രൂരമര്‍ദനം. സമപ്രായക്കാരായ ഏഴ് വിദ്യാര്‍ഥികളും ഒരു സ്ത്രീയും ചേര്‍ന്ന് ആണ് കുട്ടിയെ മര്‍ദിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികളിലൊരാളുടെ 40കാരിയായ അമ്മയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളി നോര്‍ത്തിലെ ചങ്ങമ്പുഴ റോഡിലുള്ള സ്ത്രീയുടെ വാടകവീട്ടില്‍ വച്ചാണ് ആക്രമണം നടന്നത്. കുട്ടിയും പ്രതിയുടെ മകനും പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവ രാണ്. ഇരുവരും ഇപ്പോള്‍ പ്ലസ് ടുവിന് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിനായി കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചില സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.

കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ കേടായതോടെ മര്‍ദ്ദനമേറ്റ കുട്ടിക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ വീണ്ടും അക്കൗണ്ട് തുറന്നപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ അതിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി അറിഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് നവംബര്‍ ആറിന് സുഹൃത്തുക്കളിലൊരാള്‍ കുട്ടിയെ എളമക്കരയിലേക്ക് വിളിച്ചുവരുത്തി

തുടര്‍ന്ന് ഇടപ്പള്ളിയിലെ സ്ത്രീയുടെ വാടകവീട്ടിലെത്തിച്ച് സ്ത്രീയും ഏഴ് കൗമാരക്കാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് സ്ത്രീയെ അറസ്റ്റ് ചെയ്തു. കൗമാരക്കാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആക്രമണ വിവരം കുട്ടി ആദ്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകനെ ഇതിന് മുന്‍പും സംഘം ആക്രമിച്ചിരുന്നുവെന്നും അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും വീണ്ടും മകനെ വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. ആക്രമണത്തില്‍ മകന്റെ യൂണിഫോം കീറുകയും ശരീരത്തിന് പരിക്കേല്‍ക്കുകയും ചെയ്തതായും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here