29.1 C
Kollam
Thursday 5th November, 2026 | 10:46:20 AM
Home News Breaking News അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം; കുഞ്ഞമ്മയ്ക്ക് കുരുക്കായി പോലീസിൻ്റെ കുറ്റപത്രം, ഉടൻ അറസ്റ്റ് ചെയ്തേക്കും

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം; കുഞ്ഞമ്മയ്ക്ക് കുരുക്കായി പോലീസിൻ്റെ കുറ്റപത്രം, ഉടൻ അറസ്റ്റ് ചെയ്തേക്കും

Advertisement

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതടക്കുമുള്ള കുറ്റം ചുമത്തുമെന്നാണ് വിവരം. മുഖ്യ മന്ത്രി സംഭവത്തെ അപലപിച്ചതോടെ സിപിഐ വിട്ട് ഒരു വർഷം മുമ്പ് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ വെട്ടിലായി.

അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂലായ് മാസത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പോലീസ് ജീപ്പ് തടഞ്ഞു നിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കൊപ്പം കോൺഗ്രസ് നേതാവായ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും ഈ അക്രമ ദൃശ്യങ്ങളിലുണ്ട്. പോലീസ് സ്റ്റേഷനുള്ളിലെ സെല്ലിനു മുന്നിൽ വെച്ച് രാജൻ ജോസഫിനോട് കോൺഗ്രസ് സംഘം തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവം നടന്ന ദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്താൻ പോലീസ് തയ്യാറായിരുന്നില്ല.ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here