കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,07,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 13,385 രൂപയും. ഇന്നലെ പവന് ഒറ്റയടിക്ക് 2,360 രൂപയുടെ വർധനവുണ്ടായിരുന്നു. ഗ്രാമിന് 295 രൂപയാണ് കൂടിയത്.
ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് താഴെയാണെന്നതും അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ സാമ്പത്തിക മാറ്റങ്ങളും സ്വർണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതോടെ ഡോളർ ദുർബലമായതും യുഎസ് ബോണ്ട് യീൽഡ് കുറഞ്ഞതും സ്വർണത്തിന് കരുത്തേകിയെന്നാണ് വിലയിരുത്തൽ.
യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലും ആഗോള വിപണി ഉറ്റുനോക്കുകയാണ്. ചർച്ചകൾ വിജയിക്കുകയും സംഘർഷത്തിന് അയവുണ്ടാകുകയും ചെയ്താൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതും സ്വർണവിലയുടെ മുന്നോട്ടുള്ള ഗതിയെ സ്വാധീനിച്ചേക്കും.
സ്വർണവിലയിൽ മാറ്റമില്ല; പവന് 1,07,080 രൂപ
Advertisement




























