29.6 C
Kollam
Thursday 24th September, 2026 | 02:33:47 PM
Home News Breaking News വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതിയും അന്തിമ കുറ്റപത്രം നൽകുന്നതിലെ കാലതാമസവുമാണ് കോടതി പരിശോധിക്കുക. സംസ്ഥാനത്ത് നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം പൂർത്തിയാകാത്തതിൽ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ വൈകിയതിനെ തുടർന്ന് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരനെ മാറ്റുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.

ഇതിനിടെ മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസ് രണ്ടാം കുറ്റപത്രം സമർപ്പിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ അറിയിക്കും. 2014ൽ റാന്നിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം നൽകിയത്. വെള്ളാപ്പള്ളി നടേശന് പുറമെ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളും ഉദ്യോഗസ്ഥരും പ്രതികളാണ്. വനിതാ കൂട്ടായ്മകൾക്ക് വായ്പ നൽകാനെന്ന പേരിൽ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കോടികൾ വായ്പയെടുത്ത് ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നേരത്തെ വയനാട് യൂണിയനുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. 2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.