Home News Breaking News ജാതി പറയുന്നത് അഭിമാനമാണ്, അപമാനമല്ല; ലീഗിന് പരോക്ഷ വിമര്‍ശനം, മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ

ജാതി പറയുന്നത് അഭിമാനമാണ്, അപമാനമല്ല; ലീഗിന് പരോക്ഷ വിമര്‍ശനം, മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ

പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം.

Also Read: വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍

ചാനലുകാരെ കാണുമ്പോൾ പേടി തോന്നുന്നുവെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാൻ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വളച്ചൊടിച്ച് പറയാൻ അറിയില്ലാത്തതുകൊണ്ട് പറയേണ്ട കാര്യങ്ങൾ നേരെയാണ് പറയുന്നത്. തനിക്ക് പത്മഭൂഷൺ കിട്ടിയത് പോലും ചർച്ച ചെയ്ത മാധ്യമങ്ങൾ താൻ എന്ത് പറഞ്ഞാലും ജാതി പറഞ്ഞു എന്ന് പറഞ്ഞ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സത്യം പറഞ്ഞതിന്റെ പേരിൽ വേട്ടയാടപ്പെടുകയാണ്. ലീഗിനെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, താൻ ലീഗിനെയാണ് പറഞ്ഞതെന്നും മുസ്ലിം സമുദായത്തെ അല്ലെന്നും വ്യക്തമാക്കി. മതം പറഞ്ഞ് സംഘടിച്ചവരും മതമാണ് എന്ന് പറഞ്ഞവരും എവിടെ എത്തി എന്ന് ആലോചിക്കണം. താനാണ് ഇത് പറഞ്ഞതെങ്കിൽ തല എടുത്തേനെ. മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാൽ ചട്ടവും നിയമവും ഉണ്ടാകുന്നു. എന്നാൽ മലപ്പുറത്ത് മാത്രമല്ല കാസർകോടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാൽ കുലദ്രോഹിയായി ചിത്രീകരിച്ച് മതവിദ്വേഷമായി മാറ്റുന്ന കാലമാണിത്. ജാതിയല്ല, നീതിയാണ് താൻ പറഞ്ഞതെന്നും മറ്റുള്ളവർ പറഞ്ഞാൽ നീതിയും തങ്ങൾ പറഞ്ഞാൽ ജാതിയുമാകുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ്.സി യിൽ മുസ്ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവരെ തിരിഞ്ഞുനോക്കിയില്ല. എന്നും നീതി നിഷേധിക്കപ്പെട്ട അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. ജാതി സംവരണം ഉള്ള നാട്ടിൽ ജാതി പറയുന്നത് അഭിമാനമാണെന്നും അപമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന് മറുപടിയായി, ഗണപതി മിത്താണെന്ന് ഷംസീർ തന്നെ പറഞ്ഞില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് നിയമസഭയിൽ ഭരിക്കാനുള്ള സീറ്റിലാക്കി. തന്റെ കുഴപ്പമാണെങ്കിൽ വടക്ക് എങ്ങനെ ഇത്ര വോട്ട് കിട്ടി എന്ന് പരിശോധിക്കണം. പിണറായിയെയും അച്യുതാനന്ദനെയും ചീത്ത പറയാൻ താൻ ആളല്ലെന്നും താൻ ഒരു സമുദായത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പങ്കുവെച്ചതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here