നിലമ്പൂർ: മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ ബൈപാസ് യാഥാർത്ഥ്യമാകുന്നു. ബൈപാസ് നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11-ന് നിലമ്പൂർ ജ്യോതിപ്പടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. മന്ത്രി എ.പി. അനിൽകുമാർ, പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ എന്നിവർ പങ്കെടുക്കും.
കെ.എൻ.ജി സംസ്ഥാനാന്തര പാതയിലെ പ്രധാന പട്ടണമാണ് നിലമ്പൂർ. നാലു വശവും പുഴകളാൽ ചുറ്റപ്പെട്ടും, വനഭൂമിയുമായി അതിർത്തി പങ്കിട്ടും കിടക്കുന്നതിനാൽ നഗരത്തിന്റെ വളർച്ച മുരടിച്ച നിലയിലായിരുന്നു.
ജ്യോതിപ്പടി മുതൽ വെളിയന്തോട് വരെ 6 കിലോമീറ്റർ ദൂരത്തിൽ ബൈപാസ് വരുന്നതോടെ നഗരവികസനത്തിന് വലിയ സാധ്യതയാണ് തുറക്കുന്നത്. ബൈപാസിന്റെ ഇരുവശത്തുമുള്ള വീട്ടികുത്ത്, ചക്കാലക്കുത്ത്, പട്ടാരക്ക, മുക്കട്ട, അയ്യാർപ്പൊയിൽ, മയ്യന്താനി തുടങ്ങിയ ചെറു അങ്ങാടികൾ വ്യാപാരങ്ങളും സംരംഭങ്ങളുമായി നിലമ്പൂർ പട്ടണത്തിന്റെ ഭാഗമാകും. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും.
ജ്യോതിപ്പടി – വെളിയന്തോട് വരെ
ആകെ നീളം 6 കി.മീ നീളത്തിലാണ് ബൈപ്പാസ്
ആദ്യഘട്ടം 2.46 കി.മീ. ജ്യോതിപ്പടി – ചക്കാലക്കുത്ത് – മുതുകാട് റോഡ്
ടെൻഡർ തുക:35 കോടി.
രണ്ടാം ഘട്ടം: 1.927 കി.മീ.മുക്കട്ട വരെ ടെൻഡറായി.
1996-ലാണ് ബൈപാസിനായി ആദ്യമായി ശ്രമം തുടങ്ങിയത്. 2013-ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒന്നാംഘട്ട ഭൂമിയേറ്റെടുക്കലിന് 14 കോടിയും നിർമ്മാണത്തിന് 21 കോടിയും ഉൾപ്പെടെ 35 കോടി രൂപയുടെ ഭരണാനുമതി നൽകി. 2016-ൽ പണി തുടങ്ങി. ചക്കാലക്കുത്ത് വരെ 2 കിലോമീറ്റർ ദൂരം മണ്ണിട്ടുയർത്തി. പിന്നീട് പണി നിലച്ചു.
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞു. പണി കരാറെടുത്ത സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഒഴിവാക്കപ്പെട്ടു. ഭൂമിയും വീടും വിട്ടുകൊടുത്തവർ നഷ്ടപരിഹാരം കിട്ടാതെ ദുരിതത്തിലായി. അവർ ബൈപാസ് കൂട്ടായ്മ എന്ന പേരിൽ സംഘടിച്ച് സമരം തുടങ്ങി.
2025-ൽ നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബൈപാസ് വിഷയം പ്രധാന ചർച്ചയായി. തുടർന്ന് വന്ന പിണറായി സർക്കാർ വെളിയംതോട് വരെ മുഴുവൻ പേർക്കും നഷ്ടപരിഹാരം കൊടുത്തു. ഭൂമി ഏറ്റെടുത്ത് മരാമത്ത് വകുപ്പിന് കൈമാറി ജ്യോതി പടിമുതൽ ചക്കാലക്കുത്ത് മുതുകാട് റോഡ് വരെ ടെൻഡർ ചെയ്ത് കരാർ നൽകി. രണ്ട് വർഷം കൊണ്ട് ബൈപാസ് യാഥാർത്ഥ്യമാക്കുമെന്ന് നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു































