29.8 C
Kollam
Wednesday 18th November, 2026 | 02:47:48 PM
Home News Breaking News മലയോര ഹർത്താൽ നാളെ; മലയോര ജനതയുടെ അവകാശം സംരക്ഷിക്കണം: മാത്യൂസ് വട്ടിയാനിക്കൽ

മലയോര ഹർത്താൽ നാളെ; മലയോര ജനതയുടെ അവകാശം സംരക്ഷിക്കണം: മാത്യൂസ് വട്ടിയാനിക്കൽ

Advertisement

നിലമ്പൂർ: മലയോര മേഖലയിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ജനകീയ പ്രതിഷേധമാണ് നാളത്തെ മലയോര ഹർത്താലെന്ന് മലയോര സംരക്ഷണ സമിതി ചെയർമാൻ റവ. മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്കോപ്പ പറഞ്ഞു.
രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാണ് ഹർത്താൽ. എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഹർത്താൽ ബാധകമാണ്.
ഇ.എസ്.എ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ ആശങ്കകൾ അവഗണിക്കരുതെന്നും മാത്യൂസ് വെട്ടിയാനിക്കൽ ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ തലമുറകളായി മലയോരത്ത് ജീവിക്കുകയും കൃഷി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കാൻ പാടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. ഇ.എസ്.എ സംബന്ധിച്ച് അന്തിമ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും ഗ്രാമസഭകളുടെയും മറ്റ് ജനകീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ സർവേകളോ അശാസ്ത്രീയമായ വിവരങ്ങളോ അടിസ്ഥാനമാക്കി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുത്. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണം. കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും പരിസ്ഥിതി വിദഗ്ധരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് സുതാര്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് മലയോര ജനത നേരിടുന്ന ആശങ്കകൾ നാളെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കാം. ഇത് ഏതാനും പഞ്ചായത്തുകളുടെയോ ഒരുവിഭാഗം കർഷകരുടെയോ മാത്രം പ്രശ്നമല്ല. മണ്ണിനോടും മനുഷ്യനോടും നീതി പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

മലയോര ജനതയുടെ മണ്ണ് സംരക്ഷിക്കപ്പെടണം. കർഷകന്റെ അധ്വാനം സാർത്ഥകമാകണം. പരിസ്ഥിതിയും മനുഷ്യജീവിതവും ഒരുപോലെ നിലനിൽക്കണം. ഈ നിലപാടിന് വേണ്ടിയാണ് അവകാശങ്ങൾക്കായുള്ള ജനകീയ പ്രതിഷേധമെന്നും മാത്യൂസ് വട്ടിയാനിക്കൽ കൂട്ടിച്ചേർത്തു.
വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here