തിരുവനന്തപുരം.ജനവാസ, കൃഷി മേഖലകൾ ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളം . 8590.06 ചതുരശ്ര കിലോമീറ്ററായി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളെ ചുരുക്കണം എന്നാണ് ആവശ്യം. കരട് വിജ്ഞാപനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനം നിർദ്ദേശങ്ങൾ കൈമാറി. നിയമസഭാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാനും തീരുമാനമായി.
സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കേന്ദ്രത്തിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തിലാണ് സംസ്ഥാനം അഭിപ്രായം അറിയിച്ചത്. നേരത്തെ ഉണ്ടായിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഇഎസ്എ. അതിൽ നിന്ന് 9,107 ചതുരശ്ര കിലോമീറ്റർ വനമായും 886.7 ചതുരശ്രകിലോമീറ്റർ വനേതര പ്രദേശമായും ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. പുതിയ പഠനത്തിന് പിന്നാലെയാണ് 8590 .06 ചതുരശ്ര കിലോമീറ്റർ ഇഎസ് ആക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം.
സംസ്ഥാനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇപ്പോഴത്തെ നിർദ്ദേശം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഏകകണ്ഠമായി പ്രമേയം പാസാക്കുമെന്നും പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 131 വില്ലേജുകളിൽ 33 എണ്ണത്തെ പൂർണമായും ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങിയതോടെയാണ് സർക്കാർ പ്രമേയം ഉൾപ്പടെയുള്ള രാഷ്ട്രീയ നീക്കവും ആരംഭിച്ചത്.

































