ന്യൂയോർക്ക്: ചൈനീസ് ചാരവനിതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കുപിന്നാലെ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. 33 വർഷമായി കമ്പനിയെ നയിക്കുന്ന ഹുവാങ്ങിൽനിന്ന് ഏതെങ്കിലും നിർണായക സാങ്കേതിക വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സെൻസിറ്റീവായ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തൽ.
ആലീസ് ഹുവാങ് എന്ന ചൈനീസ് ചാരവനിതയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് ജെൻസൻ ഹുവാങ്ങിന്റെ പേരിൽ വാർത്താക്കുറിപ്പ് പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്. തെറ്റ് പറ്റിയെന്നും ഭാര്യയോടും മക്കളോടും മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയതായി വാർത്താക്കുറിപ്പിൽ പറയുന്നു. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
എ.ഐ സാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചിപ്പ്, പ്രോസസർ നിർമാതാക്കളിലൊന്നാണ് എൻവിഡിയ. ഓപ്പൺ എ.ഐ, മെറ്റ തുടങ്ങിയ പ്രമുഖ കമ്പനികൾ അവരുടെ നിർമിതബുദ്ധി സംവിധാനങ്ങൾക്കായി എൻവിഡിയയുടെ പ്രോസസറുകളെയാണ് ആശ്രയിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമം നടന്നതായാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്.
സിംഗപ്പൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പിന്റെ മേധാവിയാണ് ആലീസ് ഹുവാങ്. ഇവർ വഴി ചൈന എൻവിഡിയയുടെ നിർണായക സാങ്കേതിക വിവരങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചെന്നാണ് സി.ഐ.എയുടെ കണ്ടെത്തലെന്നാണ് പുറത്തുവരുന്ന വിവരം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളും വിവരങ്ങൾ കൈകാര്യം ചെയ്ത രീതികളും അന്വേഷണവിധേയമാക്കും.



























