ശാസ്താംകോട്ട . ദേശീയ ഗ്രീൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ (NGUR-2026) ശാസ്താംകോട്ട കെ.എസ് .എം .ഡി.ബി കോളേജ് രാജ്യത്തെ ഏറ്റവും മികച്ച 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി. 100 ൽ 89.4 സ്കോർ നേടി സിൽവർ റെക്കഗ്നിഷനോടെ ദേശീയ തലത്തിൽ 37 -ാം റാങ്ക് നേടിയാണ് കോളേജ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ആകെ 4 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഈ വർഷം അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ പ്രൊഫ. K S അനിൽ കുമാർ പറഞ്ഞു.
ഗ്രീൻ മെന്റേഴ്സ് വികസിപ്പിച്ച നാഷണൽ ഗ്രീൻ യൂണിവേഴ്സിറ്റി റാങ്കിങ് (NGUR) ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന പ്രവർത്തനങ്ങളെ വിലയിരുത്തുന്ന സമഗ്രമായ ദേശീയ റാങ്കിങ് സംവിധാനമാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs), യുനെസ്കോയുടെ ഗ്രീനിംഗ് ഹയർ എജ്യുക്കേഷൻ ഫ്രെയിംവർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ തെളിവുകളെ ആസ്പദമാക്കി നടത്തുന്ന വിലയിരുത്തലിലൂടെയാണ് റാങ്കിങ് നിർണയിക്കുന്നത്. ഭരണ നിർവ്വഹണം , അക്കാദമിക പ്രവർത്തനങ്ങൾ, ഗവേഷണം, നവീകരണം, ഹരിത ക്യാമ്പസ് പരിപാലനം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ മികവാണ് റാങ്കിങ്ങിന് മാനദണ്ഡമാക്കുന്നത്. രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി., എൻ.ഐ.ടി.കൾ, മറ്റ് മുൻനിര സർവകലാശാലകൾ എന്നിവയ്ക്കൊപ്പമാണ് കെ.എസ്.എം.ഡി.ബി കോളേജും ഈ ദേശീയ അംഗീകാരം പങ്കിടുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകി അക്കാദമിക പ്രവർത്തനങ്ങൾ, ഗവേഷണം, ഹരിത ക്യാമ്പസ് സംരംഭങ്ങൾ, സാമൂഹികസേവന പരിപാടികൾ എന്നിവയിൽ കോളേജ് തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ അംഗീകാരമാണ് ഈ നേട്ടം.
രാജ്യത്തെ ഹരിത വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ.എസ്.എം.ഡി.ബി കോളേജിന്റെ ശ്രദ്ധേയമായ സ്ഥാനവും ഈ അംഗീകാരം അടിവരയിടുന്നു.

































