കോഴിക്കോട്. കടപ്പുറത്തൊരു ഡോൾഫിൻ ചത്തടിഞ്ഞു. വെറ്റിനറി ഡോക്ടറെത്തി പോസ്റ്റ്മോർട്ടം ചെയ്തു. വയറ്റിൽ കെട്ടിക്കിടന്ന മരണകാരണം വലിച്ച് പുറത്തിട്ടു. വേറൊന്നുമല്ല, രണ്ടര കിലോ പ്ലാസ്റ്റിക്. രണ്ട് വരിയിൽ പറഞ്ഞ് തീർത്ത കടലോളം ആഴമുള്ള വിപത്തിന്റെ വല്ലാത്ത ചിത്രം.
ദിനംപ്രതി കടലിൽ വളർന്ന് വരുന്ന പ്ലാസ്റ്റിക് കൂനകള്‍ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് തീരം അറിഞ്ഞുതുടങ്ങി. മത്സ്യത്തൊഴിലാളികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വലകൾ മുതൽ കര തള്ളുന്നതെല്ലാം തിന്ന് ഇല്ലാതാവുകയാണ് കടലിലെ ആവാസ വ്യവസ്ഥ. സംസ്കരണത്തിന് മാർഗമില്ലാതെ ഈ മാലിന്യങ്ങൾ എന്ത് ചെയ്യുമെന്ന് മത്സ്യത്തൊഴിലാളികളും ചോദിക്കുന്നു. എല്ലാറ്റിന്റെയും ഉത്തരമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത് ബീച്ചിലെ മുഖദാർ ഭാഗത്ത് വന്നടിഞ്ഞ് കിടന്നത്.
മീൻപിടുത്തക്കാർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന വലയാണ് വിഴുങ്ങിപ്പോയത്. അത് പുറത്ത് കളയാനാകാതെ, പിന്നൊന്നും തിന്നാനാകാതെ വിശന്ന് വിശന്നാണത് ചത്തത്.
പോസ്റ്റ്മോർട്ടത്തിനായി ജെസിബി കൊണ്ട് ഡോൾഫിനെ എടുത്ത് മാറ്റുമ്പോൾ അതിന്റെ പല്ലുകളിൽ പോലും ഉപേക്ഷിക്കപ്പെട്ട വലകൾ കൊരുത്തിരുന്നെന്ന് ജില്ലാ മൃഗാശുപത്രിയിലെ ചീഫ് വെറ്റിനറി ഓഫീസർ കെ.എം.മനോജ്ലാൽ. മത്സ്യത്തൊഴിലാളികളോട് ഇതിനെപ്പറ്റി ചോദിച്ചാൽ
കൊണ്ടുപോവുന്നതെല്ലാം കടലിന് കൊടുക്കാതെ തിരികെയെടുക്കാറുണ്ടെന്ന്. എന്നിട്ടോ.. അതെന്ത് ചെയ്യും.. പഴയ വലകളും തെർമോകോളുമടക്കമുള്ളവയുടെ സംസ്കരണത്തിന് പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. നടപ്പായിട്ടില്ല. ഒരു വലിയ മഴയോ പ്രളയമോ ആ കൊണ്ടുവന്നതടക്കം എല്ലാത്തിനേയും പിന്നെയും കടലിലേക്ക് തന്നെയെടുക്കും
ഗ്രേഡ് വൺ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഡോൾഫിനുകൾക്ക് പോലുമീ സംഭവിക്കുന്നത്, കടലാമകൾക്ക് ഒഴിഞ്ഞുപോവാൻ തരത്തിലുള്ള വലകളുടെ അഭാവമിങ്ങനെ പ്രകൃതിയോട് ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് കയറ്റി അയയ്ക്കുന്ന മീനുകൾ വേണ്ടെന്ന് വച്ച രാജ്യങ്ങൾ പോലുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള വിഭവവിനിയോഗം അത്ര പ്രധാനമാണ്..




























