ന്യൂഡൽഹി: യുവരാജ് സിങ് ഐ.പി.എല്ലിലൂടെ തന്റെ പരിശീലക കരിയറിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലക സംഘത്തിനൊപ്പം യുവരാജ് ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഡൽഹി ടീമിലേക്ക് തിരിച്ചെത്തുന്നതോടെ, യുവരാജിനെയും ഒപ്പം കൂട്ടാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് സൂചന. യുവരാജ് ടീമിന്റെ ഭാഗമാകുമെന്ന കാര്യം ഡൽഹി ക്യാപിറ്റൽസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മാനേജ്‌മെന്റിൽ വരുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അഴിച്ചുപണി നടക്കുന്നത്. ഡൽഹി ടീമിന്റെ ഉടമസ്ഥാവകാശം ജി.എം.ആർ ഗ്രൂപ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ് എന്നിവർ രണ്ട് വർഷം വീതമുള്ള കാലാവധിയിലാണ് മാറിമാറി നിയന്ത്രിക്കുന്നത്. കഴിഞ്ഞ 2025, 2026 വർഷങ്ങളിൽ ജി.എം.ആർ ഗ്രൂപ്പാണ് ടീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ, 2027 സീസൺ മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ജെ.എസ്.ഡബ്ല്യു ഗ്രൂപ് ടീമിന്റെ ഭരണം ഏറ്റെടുക്കും. മുമ്പ് ഇവർ ടീം നിയന്ത്രിച്ചിരുന്ന സമയത്ത് ക്രിക്കറ്റ് ഡയറക്ടറായിരുന്ന സൗരവ് ഗാംഗുലി ഇതോടെ വീണ്ടും പദവിയിലേക്ക് തിരിച്ചെത്തും. നിലവിലെ ഹെഡ് കോച്ച് ഹേമാങ് ബദാനിക്കൊപ്പം യുവരാജിനെയും ഉൾപ്പെടുത്തി സപ്പോർട്ട് സ്റ്റാഫ് ശക്തമാക്കാനാണ് ഗാംഗുലിയുടെ നീക്കം.






























