കരുനാഗപ്പള്ളി; കോളേജിൽ ബിരുദദാന ചടങ്ങിന് എത്തിയ മുൻ വിദ്യാർത്ഥിയുടെ പേരിലും കേസെടുത്ത് അറസ്റ്റ് ചെയ്തു. മഹാരാജാസ് കോളേജിൽ കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നേരെ വിദ്യാർത്ഥികൾ ചോദ്യം ഉന്നയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോളേജിലെ മുൻ വിദ്യാർഥിയായിരുന്ന കരുനാഗപ്പള്ളി, ആദിനാട് തെക്ക്, കുന്നത്ത് വീട്ടിൽ ആദിൽ കുമാറിനെ കഴിഞ്ഞദിവസം ഉച്ചയോടെ പോലീസ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞവർഷം കോളേജിൽ ബികോം വിദ്യാർത്ഥിയായിരുന്ന ആദിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ കൊല്ലത്ത് കോച്ചിംഗ് ക്ലാസിന് ചേർന്ന് പഠനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ കോളേജ് അധികൃതരുടെ അറിയിപ്പിനെ തുടർന്ന് പങ്കെടുത്ത് തന്റെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനാണ് ആദിൽ എത്തിയത്. ചടങ്ങിൽ വച്ച് കോളേജ് അധികൃതർ ആദിലിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത ശേഷം വിദ്യാർത്ഥി തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു.
കോളേജിൽ പഠിച്ചിരുന്ന കാലത്ത് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന ആദിലിന്റെ പേര് ബോധപൂർവ്വം കേസിൽ ഉൾപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. നേരത്തെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു എന്ന മുൻവൈരാഗ്യം മൂലം ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധമില്ലാത്ത ആദിലിനെയും കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമാണ്. കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള ആദലിനെ എറണാകുളത്തു നിന്നും പോലീസ് സംഘം എത്തുന്ന മുറയ്ക്ക് എറണാകുളം പോലീസിന് കൈമാറുമെന്ന് പോലീസ് അധികൃതർ ബന്ധുക്കളെ അറിയിച്ചു.



























