തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെലങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദം നിലനിൽക്കുന്നതും തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴികളുമാണ് കേരളത്തിൽ അപ്രതീക്ഷിത മഴയ്ക്ക് കാരണമാകുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ച് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിന്റെ രണ്ട്, മൂന്ന്, നാല്, അഞ്ച് നമ്പർ ഷട്ടറുകൾ ഇന്ന് വൈകിട്ട് 3.30ന് 20 സെന്റിമീറ്റർ വീതം കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡാമിൽനിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
സംസ്ഥാനത്ത് മഴ ശക്തമാകും; കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Advertisement



























