24.7 C
Kollam
Wednesday 5th August, 2026 | 08:16:10 AM
Home News National ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കത്തി തുരുമ്പ് എടുത്തതാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കത്തി തുരുമ്പ് എടുത്തതാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന കത്തികളും പീലറുകളും തുരുമ്പ് എടുത്തതാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്. രാജ്യത്തെ മുഴുവൻ ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും പുതിയ മാർഗനിർദേശം കർശനമായും പാലിക്കണം. ഭക്ഷണസാധനങ്ങൾ മുറിക്കുന്നതിനും തൊലി കളയുന്നതിനും തുരുമ്പെടുക്കാത്ത, ഗുണനിലവാരമുള്ള കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂൾ 4 പ്രകാരം, ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ മെറ്റീരിയലുകൾ കൊണ്ട് നിർമിച്ചതായിരിക്കണം. ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ, രാജ്യത്തെ പല ഹോട്ടലുകളിലും ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും തുരുമ്പെടുത്തതും, കേടുപാടുകൾ സംഭവിച്ചതും, പെയിന്റടിച്ചതുമായ കത്തികളും ബ്ലേഡുകളുമാണ് ഉപയോഗിക്കുന്നതെന്ന് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

തുരുമ്പിച്ചതോ അരികുകൾ ഒടിഞ്ഞതോ ആയ കത്തികൾ ഉപയോഗിക്കുന്നത് വഴി ഭക്ഷണത്തിൽ അവയുടെ ഭാഗങ്ങൾ വീഴാനും, രാസവസ്തുക്കളും അണുക്കളും കലരാനും സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിലുള്ള അനാസ്ഥകൾ നിയമവിരുദ്ധമാണെന്നും അതോറിറ്റി ഓർമിപ്പിക്കുന്നു.