26.7 C
Kollam
Tuesday 3rd November, 2026 | 09:21:48 AM
Home News Breaking News കെസി പണികൊടുക്കുന്നോ,ഇന്ത്യാ മുന്നണിയിൽ തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം...

കെസി പണികൊടുക്കുന്നോ,ഇന്ത്യാ മുന്നണിയിൽ തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

Advertisement

ഇന്ത്യാ മുന്നണിയിൽ തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). മുന്നണിയിലെ നിർണായക പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ നേതാക്കളെ തുടർച്ചയായി തഴയുന്നതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും കോൺഗ്രസിന്റെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സഖ്യകക്ഷികളിലൊന്നിനെ ബോധപൂർവം അവഗണിക്കുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ സംശയം. വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തി അതൃപ്തി അറിയിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി.

ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധങ്ങളിലാണ് ലീഗിന്റെ അതൃപ്തിക്ക് ആക്കം കൂടിയത്. പ്രതിഷേധങ്ങളിൽ കോൺഗ്രസിനൊപ്പം സജീവമായി പങ്കെടുത്തിട്ടും മുന്നണിയുടെ ഭാഗത്തുനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ലീഗിന്റെ പരാതി. രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പരാതി നൽകാനായി നിശ്ചയിച്ച പ്രതിനിധി സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതാണ് ആദ്യ തിരിച്ചടിയായതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

ഞായറാഴ്ച രാംലീല മൈതാനിയിൽ നടന്ന ‘ഡൽഹി ചലോ’ റാലിയിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതാണ് ലീഗിനെ കൂടുതൽ പ്രകോപിപ്പിച്ചത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോഴാണ് കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തിയതെന്നതും ലീഗ് വലിയ അവഹേളനമായാണ് കാണുന്നത്. ഇതിനു പുറമേ, ഇന്ത്യാ മുന്നണിയുടെ വിദ്യാർഥി-യുവജന ഏകോപന സമിതിയിൽ മുസ്‌ലിം യൂത്ത് ലീഗിനെയും എംഎസ്എഫിനെയും ഉൾപ്പെടുത്താത്തതും പാർട്ടിയുടെ പ്രാതിനിധ്യവും രാഷ്ട്രീയ പ്രസക്തിയും അവഗണിക്കപ്പെടുന്നതിന്റെ തെളിവായാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പിനുശേഷമുള്ള വലിയ രാഷ്ട്രീയഗ്രൂപ്പ് വടംവലിയില്‍ കെസിവേണുഗോപാലിനെ നിര്‍വീര്യമാക്കി വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതില്‍ ലീഗിന്‍റെ പങ്ക് വലുതാണ്. ലീഗിനു പണി വരുമെന്ന് അന്നേ രാഷ്ട്രീയ നിരീക്ഷകര്‍ അടക്കംപറഞ്ഞിരുന്നു.അത് പതിയെ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here