കോഴിക്കോട്. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഘടകത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്ത്. തങ്ങള്‍ക്കെതിരെ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മുസ്ലീം ലീഗ് നേതൃത്വം. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തന്നെ നേരില്‍ ബന്ധപ്പെട്ടിരിക്കുകയാണ് ലീഗ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ പിന്തുണച്ചതിലുള്ള പ്രതിഷേധമാണ് ഈ വേട്ടയാടലിന് പിന്നിലെന്നും വിലയിരുത്തലുണ്ട്.
തങ്ങള്‍ക്കെതിരെ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മറുപടിയായി എപി അനില്‍കുമാര്‍, ടി സിദ്ധീഖ് തുടങ്ങി കെസി വേണുഗോപാല്‍ പക്ഷത്തെ പ്രബലരായ മന്ത്രിമാരെയും എംഎല്‍എമാരെയും ലീഗിന്റെ പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹിഷ്‌കരിക്കാനും തീരുമാനമായതാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതിനിടെ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുടെ ശൈലി മാറ്റം ശക്തമായി ഉന്നയിക്കാന്‍ കെ.സി. പക്ഷവും എ ഗ്രൂപ്പും തീരുമാനിച്ചു. ചര്‍ച്ച കൂടാതെയുള്ള തീരുമാനങ്ങള്‍ വന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ വീണ്ടും എതിര്‍ക്കാനാണ് കെസി പക്ഷത്തിന്റെ നീക്കം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തലല്ല ലക്ഷ്യമെന്നും, കൂട്ടായ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഈ നീക്കമെന്നുമാണ് കെസി പക്ഷത്തിന്റെ വാദം. എന്നാല്‍, എല്ലാം ആസൂത്രിതമാണെന്നും മന്ത്രിമാരെ ഇറക്കിയുള്ള നീക്കങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നുമാണ് വിഡി സതീശന്‍ പക്ഷത്തിന്റെ നിഗമനം.
മന്ത്രിസഭാ യോഗത്തിലുണ്ടായ അസാധാരണ തര്‍ക്കം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. തര്‍ക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെങ്കിലും, സമവായത്തിന്റെ യാതൊരു സൂചനയും ഇരുപക്ഷത്തുമില്ല. പഴയ എ-ഐ പോര് ഓര്‍മ്മിപ്പിക്കും വിധത്തിലേക്ക് കെസി-വിഡി ചേരികള്‍ കൈവിട്ടിറങ്ങിക്കഴിഞ്ഞു.മന്ത്രിസഭാ യോഗത്തിന് മുന്‍പ് കെസി പക്ഷത്തെ മൂന്ന് മന്ത്രിമാര്‍ രഹസ്യയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിടാന്‍ തീരുമാനിച്ചെന്നാണ് വിഡി പക്ഷത്തിന്റെ ഗുരുതര ആരോപണം. സര്‍ക്കാരിന് ആറാം മാസം തികയുന്ന ദിനം തന്നെ സര്‍ക്കാരിനെ കരിവാരിത്തേക്കലായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ഇവര്‍ ആക്ഷേപിക്കുന്നു.
എന്നാല്‍, മന്ത്രിസഭാ യോഗത്തിലെ അഭിപ്രായപ്രകടനം സ്വാഭാവികമാണെന്നാണ് കെസി പക്ഷത്തിന്റെ നിലപാട്. ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലെ അതൃപ്തിക്കിടെ പിഎസ്സി. അംഗങ്ങളുടെ പട്ടിക കൂടി മുഖ്യമന്ത്രി ഏകപക്ഷീയമായി ഇറക്കിയതാണ് പ്രതിഷേധത്തിന് കാരണമായതെന്നും ഇവര്‍ വാദിക്കുന്നു. ഇതിനിടെ, മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് ആരാണെന്നതിനെച്ചൊല്ലിയും ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ പാരിതിയുമായി എ ഗ്രൂപ്പും രംഗതെത്തി. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ടാണ് ഷാഫി പറമ്പില്‍ എംപി, ബെന്നി ബെഹനാന്‍, കെസി ജോസഫ് എന്നിവരടങ്ങുന്ന സംഘം പരാതി ബോധിപ്പിച്ചത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ പല തീരുമാനങ്ങളും കെപിസിസി അധ്യക്ഷന്‍ പോലും അറിയുന്നില്ലെന്നതും ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഗ്രൂപ്പിന് അര്‍ഹമായ പ്രാധാന്യം പലപ്പോഴും ലഭിക്കുന്നില്ലെന്ന പരിഭവവം എ ഗ്രൂപ്പ് നേതാക്കള്‍ പങ്കിട്ടു.































