29.5 C
Kollam
Saturday 21st November, 2026 | 11:22:42 AM
Home News Breaking News മുഖ്യമന്ത്രിയെമാറ്റി നിര്‍ത്തി വിവാദഗ്രൂപ്പിന്‍റെ കേരള ജന്തര്‍ മന്തര്‍, സാധാരണ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ ജെബിയെ അലക്കിപ്പിഴിയുന്നു

മുഖ്യമന്ത്രിയെമാറ്റി നിര്‍ത്തി വിവാദഗ്രൂപ്പിന്‍റെ കേരള ജന്തര്‍ മന്തര്‍, സാധാരണ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ ജെബിയെ അലക്കിപ്പിഴിയുന്നു

Advertisement

തിരുവനന്തപുരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘കേരള ജന്തര്‍ മന്തര്‍’ ഇന്ന്. പത്തുമണിക്ക് ലോക്ഭവന് സമീപമാണ് പ്രതിഷേധം. പരിപാടിയിലേക്ക് മുഖ്യമന്ത്രി വിഡി സതീശനെ ക്ഷണിക്കാത്തത് വിവാദത്തിന് വഴിവച്ചു. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പരിപാടി സംഘടിപ്പിച്ച രീതിയെ വിമര്‍ശിച്ച അവര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ പരസ്യമായി അതൃപ്തിയും രേഖപ്പെടുത്തി.

മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘കേരള ജന്തര്‍ മന്തര്‍’എന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി കെപിസിസി പ്രസിഡന്റ് മുതല്‍ മറ്റെല്ലാ നേതാക്കളെയും നേരിട്ട് ക്ഷണിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രിയായ വിഡി സതീശനെ മാത്രം മാറ്റിനിര്‍ത്തുകയും ചെയ്തു. അതിനാല്‍ അത്തരം വിഭാഗീയമായ പരിപാടി നടത്തുന്നതില്‍ ഉള്ള പ്രതിഷേധം ശക്തമായ ഭാഷയില്‍ രേഖപ്പെടുത്തുന്നതായി ഷീബ രാമചന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പ്രതിഷേധം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലസ്ഥാനത്ത് ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍, രാഷ്ട്രീയ മര്യാദയനുസരിച്ച് അദ്ദേഹത്തെയും ക്ഷണിക്കേണ്ടതായിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് നമുക്ക് ആവശ്യം. രാഹുല്‍ ഗാന്ധി പോലും ഇത്തരം പരിപാടികളില്‍ എല്ലാവരെയും ഒപ്പം കൂട്ടാറുണ്ടെന്നും ഷീബ കൂട്ടിച്ചേര്‍ത്തു.

പ്രദേശിക തലത്തിലാണ് ഏറെ പ്രശ്നം. ജെബി മേത്തരെ കാലില്‍ തൂക്കിയടിച്ച് അലക്കുകയാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍. ഇന്നുവരെ വായതുറന്ന് പിണറായിക്കെതിരെ സംസാരിക്കാത്ത നേതാക്കളെയും പ്രാദേശിക തലത്തില്‍ നടന്ന് അടിവാങ്ങിക്കൂട്ടുന്ന നേതാക്കളെയും പറ്റി വിശദ ചര്‍ച്ചയാണ് ഇവിടെ. വിഡി സതീശനെ ഒതുക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ സ്വയം ശവക്കുഴി തോണ്ടുന്നു എന്ന് സാദാരണ പ്രവര്‍ത്തകര്‍ വിളിച്ചുപറയുന്നു.

ചുരുക്കത്തില്‍ പത്മജ, രാഹുല്‍,ജെബി മേത്തര്‍ വിഷയങ്ങളെല്ലാം പ്രാദേശിക ഗ്രൂപ്പു പോരിന് വഴിവച്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here