തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിലെ അനിശ്ചിതത്വം കോൺഗ്രസിലും യുഡിഎഫിലും അതൃപ്തി പടർത്തുന്നു. ചർച്ചകളിൽപ്പോലും പങ്കാളികളാക്കുന്നില്ലെന്ന പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുമ്പോൾ ഘടകകക്ഷികളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തീരുമാനങ്ങൾ വൈകുന്നതിന്റെ കാരണം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
ആർഎസ്പിക്ക് മാന്യമായ പരിഗണന വേണമെന്ന ആവശ്യവുമായി ഷിബു ബേബി ജോണും രംഗത്തെത്തി. ബുധനാഴ്ച വിഡിഎസ് സർക്കാർ ആറുമാസം പൂർത്തിയാക്കാനിരിക്കെയാണ് ഭരണകക്ഷിയായ യുഡിഎഫിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നത്. അടൂർ പ്രകാശിന്റെയും ജെബി മേത്തറിന്റെയും പരസ്യ വിമർശനങ്ങൾക്കു പിന്നാലെ എ ഗ്രൂപ്പും നിലപാട് കടുപ്പിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. പദവികളിലെ പരിഗണന മാത്രമല്ല നിർണായക ചർച്ചകളിൽ അർഹമായ പ്രാതിനിധ്യം കൂടി വേണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം.
ബോർഡ്-കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യമന്ത്രി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരിൽ മാത്രം ഒതുങ്ങുന്നതിലാണ് എ ഗ്രൂപ്പിന് അതൃപ്തി. ഗ്രൂപ്പിന്റെ പ്രതിനിധികളായ മുൻ കെപിസിസി പ്രസിഡന്റുമാരെയും നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരെയും ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ പരിഗണന ലഭിച്ചില്ലെങ്കിൽ എഐസിസിയെ സമീപിക്കാനും നീക്കമുണ്ട്.
കോൺഗ്രസിനുള്ളിലെ അതൃപ്തി ഘടകകക്ഷികളിലേക്കും വ്യാപിക്കുകയാണ്. ആർഎസ്പിക്ക് പിന്നാലെ കേരള കോൺഗ്രസും പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദവികൾ വീതംവയ്ക്കുന്നതിൽ മാത്രമല്ല, പാർട്ടിയിലെ പ്രമുഖനായ പി.ജെ. ജോസഫിനെ പരിഗണിക്കാത്തതിലും കേരള കോൺഗ്രസിന് പരാതിയുണ്ട്.
മന്ത്രിമാർ തന്നെ മുന്നണിക്കുള്ളിലെ പരാതികൾ പരസ്യമായി ഉന്നയിക്കുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചുരുക്കത്തിൽ, മുസ്ലിം ലീഗ് മാത്രമാണ് ഇതുവരെ പരസ്യമായ അതൃപ്തി പ്രകടിപ്പിക്കാത്ത ഘടകകക്ഷി. അതേസമയം ലീഗിനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾ യഥാർഥത്തിൽ മുഖ്യമന്ത്രിയെ ഉന്നംവച്ചുള്ളതാണെന്നാണ് വി.ഡി. പക്ഷത്തിന്റെ വിലയിരുത്തൽ.



































