തിരുവനന്തപുരം:കേരള സർക്കാരിന്റെ 2026-27 വർഷത്തെ പുതിയ മദ്യനയം ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. മദ്യനയത്തിൻ്റെ കരട് ഉടൻ ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് മുന്നിലെത്തും.പുതിയ നയം നിലവിൽ വരുന്നത് വരെ സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കുന്നതും നിലവിലുള്ളവ പുതുക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് എക്സൈസ് വകുപ്പ് ഉത്തരവിറക്കി.
നവംബർ 30-ന് മുൻപായി പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എക്സൈസ് മന്ത്രി എം. ലിജുവും മുഖ്യമന്ത്രി വി.ഡി. സതീശനും നേരത്തെ സൂചിപ്പിച്ചിരുന്നു.
പുതിയ നയം പ്രഖ്യാപിക്കുന്നത് വരെ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്നും നിലവിലുള്ള അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ കമ്മീഷണർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് നിർദേശം നൽകി. നയം വന്ന ശേഷം പുതുക്കിയ വ്യവസ്ഥകൾ പ്രകാരം അപേക്ഷകൾ വീണ്ടും സമർപ്പിക്കാവുന്നതാണ്.
മുൻ സർക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലകളിൽ ചില ബാറുകൾക്ക് അനുമതി നൽകിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്.

































