തിരുവനന്തപുരം. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രാനുമതി ലഭിച്ച വിവിധ പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിച്ച് വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര-സംസ്ഥാന വിഹിതമുള്ള SSK സ്‌റ്റാർസ് പ്രോഗ്രാമിൻ്റെ ഭാഗമായുള്ള പദ്ധതികളാണ് ഉപേക്ഷിക്കുന്നത്. ഇതോടെ കേരളത്തിന് അനുവദിച്ച എൻപത് കോടിയിലധികം രൂപയാണ് പാഴായി പോകുന്നത്.
പി എം ശ്രീയുടെ പേരിൽ കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നത് അയ്യായിരം കോടിയോളം രൂപയാണ്. വിദ്യാഭ്യാസ വകുപ്പ് കടന്നു പോകുന്നതാകട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും. ഇതിനിടെയാണ് അനുവദിച്ച തുക പോലും വേണ്ട വിധം ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തത്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി SSK യ്ക്ക് കീഴിൽ കേന്ദ്രം ആവിഷ്കരിച്ച പദ്ധതിയാണ് സ്‌റ്റാർസ് അഥവാ Strengthening Teaching-Learning and Results for States. ഇതിൽ മുൻ വർഷങ്ങളിൽ ആരംഭിച്ചതും അടുത്ത മാർച്ചിൽ അവസാനിക്കുന്നതുമായ 9 പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. മോഡൽ ഓട്ടിസം കോംപ്ലക്‌സ്, നിപുൺ ക്ലാസ് മുറി, മാതൃക പ്രീസ്‌കൂൾ തുടങ്ങിയ 9 പദ്ധതികളാണ് ഉപേക്ഷിക്കാനൊരുങ്ങുന്നത്.
ഇതിൽ ഓട്ടിസം കോംപ്ലക്സിന് അനുവദിച്ചത് 5.4 കോടിയാണ്. മാതൃക പ്രീസ്‌കൂൾ നിർമാണത്തിന് 13 കോടിയും, നിപുൺ ക്ലാസ് മുറിക്കായി 30 കോടിയും, മാതൃക ബിആർസി വർക് ഷോപ്പ് കം ക്ലാസ് മുറിയുടെ നിർമാണത്തിനായി 32 കോടിയുമാണ് കേന്ദ്രം അനുവദിച്ചത്. UDF സർക്കാർ വന്ന് ആറ് മാസം പിന്നിടുമ്പോഴും ഇപ്പറഞ്ഞ ഒരു പദ്ധതികളിൽ പോലും തുടർ നടപടി എടുത്തില്ല എന്നുള്ളത് വാസ്തവം. വിദ്യാഭ്യാസ വകുപ്പിൻ്റെ അലംഭാവത്തിൽ ഇതോടെ കേരളത്തിന് നഷ്മാകുന്നതാകട്ടെ 83.59 കോടി രൂപയും.

































