ശബരിമല: മണ്ഡലകാല തീർഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു. തിങ്കളാഴ്ച വൈകിട്ട് നാലിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചത്. തുടർന്ന് പതിനെട്ടാംപടി ഇറങ്ങിയ മേൽശാന്തി ആഴിയിൽ അഗ്നി തെളിച്ചു.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് സ്വീകരിച്ചാനയിച്ചു. വൈകിട്ട് 6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധച്ചടങ്ങുകൾ നടന്നു. ചൊവ്വാഴ്ച വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനത്തും മാളികപ്പുറത്തും നട തുറക്കുക.
തിങ്കളാഴ്ച പകൽ 11.10ഓടെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടു. ഉച്ചയ്ക്ക് 12ന് മുമ്പ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ബസ് സർവീസ് അനുവദിക്കരുതെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിൽ തീർഥാടകർക്ക് ചെറിയ പ്രതിഷേധമുണ്ടായി. തിരക്ക് വർധിച്ചതോടെ നിശ്ചയിച്ചതിലും നേരത്തെ തീർഥാടകരെ കടത്തിവിട്ടു. വാഹനങ്ങൾ ഒന്നിച്ച് പമ്പയിലേക്ക് വിട്ടതോടെ ഇലവുങ്കൽ–നിലയ്ക്കൽ റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെയാണ് മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും ഔദ്യോഗിക തുടക്കമാകുന്നത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവയിലൂടെ പ്രതിദിനം 80,000 പേർക്ക് ദർശനസൗകര്യം ഒരുക്കിയിട്ടുണ്ട്. 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി സജ്ജമാക്കി. വിതരണത്തിനായി അഞ്ച് കൗണ്ടറുകൾകൂടി തുറക്കും. തപാൽവകുപ്പ് കൗണ്ടർ വഴിയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർഥാടകരുടെ വിലാസത്തിൽ ഇവ എത്തിച്ചുനൽകും.
പമ്പയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളില്ല. നിലയ്ക്കലാണ് പ്രധാന ബുക്കിങ് കേന്ദ്രം. ഇവിടെനിന്ന് പ്രതിദിനം 10,000 തീർഥാടകർക്ക് പാസ് ലഭിക്കും. കാനനപാത വഴി എത്തുന്നവർക്കായി എരുമേലിയിലും പുല്ലുമേട് വഴി വരുന്നവർക്കായി സത്രത്തിലും ബുക്കിങ് സൗകര്യമുണ്ട്. ട്രെയിൻ മാർഗം എത്തുന്ന തീർഥാടകർക്കായി ഇത്തവണ മുതൽ ചെങ്ങന്നൂരിലും സ്പോട്ട് ബുക്കിങ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.





























