28.1 C
Kollam
Monday 16th November, 2026 | 08:51:03 PM
Home News Breaking News മീൻപിടിക്കാൻ പോയ മൂന്ന് ആൺകുട്ടികൾ തടാകത്തിൽ മരിച്ച നിലയിൽ

മീൻപിടിക്കാൻ പോയ മൂന്ന് ആൺകുട്ടികൾ തടാകത്തിൽ മരിച്ച നിലയിൽ

Advertisement

ചെന്നൈ: മീൻപിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് തോട്ടപ്പാടിയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെ മീൻപിടിക്കാൻ പോയ കുട്ടികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

ഇമ്മാനുവൽ (11), സാം എബ്രഹാം (9), രാജ (14) എന്നിവരാണ് മരിച്ചത്. ഇമ്മാനുവലും സാം എബ്രഹാമും സഹോദരങ്ങളാണ്. രാജ ഇവരുടെ സുഹൃത്താണ്. മൂവരും ചേർന്നാണ് പ്രദേശത്തെ തടാകത്തിൽ മീൻപിടിക്കാൻ പോയത്. ഏറെ വൈകിയിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. തുടർന്ന് ഞായറാഴ്ച വൈകിട്ട് പൊലീസിൽ പരാതി നൽകി.

പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ തടാകത്തിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറത്തെടുത്ത് കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here