26.5 C
Kollam
Saturday 21st November, 2026 | 09:53:30 AM
Home News National സീറ്റ് ബെൽറ്റ് ഇടാത്തതിന് സൈനിക ഡ്രൈവർക്ക് പിഴ; ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റി

സീറ്റ് ബെൽറ്റ് ഇടാത്തതിന് സൈനിക ഡ്രൈവർക്ക് പിഴ; ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റി

Advertisement

ഗുവാഹത്തി: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് സൈനിക വാഹനത്തിന്റെ ഡ്രൈവർക്ക് പിഴ ചുമത്തിയ സംഭവത്തിൽ അസമിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) സമീം സുൽത്താനയെയാണ് രണ്ടുദിവസത്തേക്ക് ഡ്യൂട്ടിയിൽനിന്ന് മാറ്റിയത്. സൈനിക ഉദ്യോഗസ്ഥനോട് പരുഷമായും അപമര്യാദയായും പെരുമാറിയതിനാണ് നടപടിയെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ധനഞ്ജോയ് സായ്കിയ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച ജോർഹാത് ടൗണിലെ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിന് മുന്നിലാണ് സംഭവം. ഔദ്യോഗിക ആവശ്യത്തിനായി സൈനിക ജീപ്പിൽ യാത്ര ചെയ്യുകയായിരുന്ന ഡ്രൈവറെ എംവിഐ തടഞ്ഞുനിർത്തി ചലാൻ നൽകുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ടായിരുന്നു നടപടിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും ഡിടിഒ തള്ളി.

പ്രതിരോധ മന്ത്രാലയം നൽകുന്ന ആർമി ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൈനിക വാഹനങ്ങൾ സൈനിക താവളങ്ങൾക്ക് പുറത്തും ഓടിക്കാം. എന്നാൽ ഈ ലൈസൻസ് ഉപയോഗിച്ച് സാധാരണ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. സൈനിക വാഹനങ്ങൾ ഓടിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള ഗതാഗതനിയമങ്ങൾ ബാധകമാണ്. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇളവുകൾ അനുവദിക്കുക.

അതേസമയം, പരിശോധനയ്ക്കിടെ സൈനിക ഉദ്യോഗസ്ഥനോട് എംവിഐ സ്വീകരിച്ച സമീപനമാണ് തർക്കത്തിനിടയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയം ദേശീയതലത്തിൽ ചർച്ചയായി. തുടർന്ന് ജോർഹാത് ജില്ലാ ഭരണകൂടം സൈനിക ഉദ്യോഗസ്ഥർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു. സൈന്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനോ സൈനികരോട് അനാദരവ് കാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭരണകൂടം വ്യക്തമാക്കി.

നവംബർ 13ന് അസമിലെ ഗോലഘാട്ട് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് വാഹനപരിശോധന ശക്തമാക്കാൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് സൈനിക വാഹനവും തടഞ്ഞുനിർത്തി പിഴ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here