27.9 C
Kollam
Thursday 17th September, 2026 | 10:22:17 PM
Home Sports Cricket ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം: ടിക്കറ്റ് വിൽപ്പന തുടങ്ങി; ഗാലറി ടിക്കറ്റിന് 650 രൂപ; വിദ്യാർഥികൾക്ക് 300...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം: ടിക്കറ്റ് വിൽപ്പന തുടങ്ങി; ഗാലറി ടിക്കറ്റിന് 650 രൂപ; വിദ്യാർഥികൾക്ക് 300 രൂപ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. Ticketgenie.in എന്ന ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഗാലറി ടിക്കറ്റിന് 650 രൂപയാണ് നിരക്ക്. പവലിയൻ ടിക്കറ്റിന് 1250 രൂപയും പവലിയൻ എ, ജെ വിഭാഗങ്ങൾക്ക് യഥാക്രമം 1800, 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റിന് 2500 രൂപയും കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റിന് 5000 രൂപയുമാണ് നിരക്ക്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം.

ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അറിയിച്ചു. ടിക്കറ്റ് സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനായി ബോക്സ് ഓഫീസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും.

വിദ്യാർഥികൾക്ക് 300 രൂപ

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് മത്സരം നേരിൽ കാണുന്നതിനായി കെ.സി.എ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. വിനോദനികുതി ഉൾപ്പെടെ 300 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് മാത്രമാണ് ഇളവ് ലഭിക്കുക.

ടിക്കറ്റ് ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ കെ.സി.എയുടെ ജനറൽ കൺവീനറുടെ ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളജ് ഐഡി കാർഡ് നമ്പറും നൽകണം. ഒരു സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 10 വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണം.

15 വയസിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം അധ്യാപകൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഓരോ 10 വിദ്യാർഥികൾക്കും ഒരധ്യാപകൻ എന്ന ക്രമത്തിൽ അധ്യാപകർക്കും 300 രൂപ നിരക്കിൽ പ്രവേശനം അനുവദിക്കും.

അപേക്ഷ പരിശോധിച്ച് ബുക്കിങ് ഉറപ്പാക്കിയ ശേഷം കെ.സി.എയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തിന് നൽകും. തുക അക്കൗണ്ടിൽ ലഭിച്ചതായി സ്ഥിരീകരിച്ച ശേഷമായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here