കൊച്ചി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ, പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതിലാണ് അഡീഷണൽ സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്. സർക്കാർ രണ്ടാഴ്ച സാവകാശം തേടിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
നേരത്തെ നൽകിയ ഉത്തരവ് നടപ്പാക്കാത്തതിന് മതിയായ ന്യായീകരണം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, നേരിട്ട് ഹാജരാക്കാനുള്ള നിർദ്ദേശം. അന്വേഷണം പൂർത്തിയായ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി കാത്തിരിക്കുകയാണെന്ന് നേരത്തെ അന്വേഷണം ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. പിന്നാലെയാണ് അനുമതി കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ ഇന്നലെ വീണ്ടും സാവകാശം ചോദിച്ച സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
































