കൊല്ലം: അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണിയെന്ന് സംശയിക്കുന്ന ‘ബാംഗ്ലൂർ അപ്പു’ എന്നറിയപ്പെടുന്ന റിയാസ് (32) കൊല്ലം എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. ഇയാളിൽനിന്ന് 17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മേവറം പടനിലം അമ്പലത്തിനു മുന്നിൽ ആഡംബര വാഹനത്തിൽ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് അറസ്റ്റ്.
എക്സൈസ് സംഘത്തെ കണ്ട് വാഹനം അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച റിയാസിനെ സംഘം വളഞ്ഞ് തടയുകയായിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് മൊത്തവിതരണം നടത്തുന്നയാളാണ് ഇയാളെന്നാണ് എക്സൈസിന് ലഭിച്ച വിവരം. കൊല്ലം ജില്ലയിൽ അപൂർവമായി മാത്രമാണ് ഇയാൾ എത്താറുള്ളതെന്നും അധികൃതർ പറയുന്നു.
രണ്ടു ദിവസം മുൻപ് ഇയാൾ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്നാണ് മേവറത്ത് പരിശോധന നടത്തി ഇയാളെ പിടികൂടിയത്. ജില്ലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ ഇയാൾക്കുള്ള പങ്കും വിതരണശൃംഖലയിലെ മറ്റ് കണ്ണികളും കണ്ടെത്താനാണ് ഇനി അന്വേഷണം.
കൊല്ലം എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ എഇഐ ഗ്രേഡ് നിർമ്മലൻ തമ്പി, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ. ജ്യോതി, അനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജി. ഗംഗ, ശ്രീമോൾ, സിഇഒമാരായ സലീം, കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ താമസസ്ഥലം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചത്, കൊല്ലം ജില്ലയിൽ ആർക്കൊക്കെയാണ് വിതരണം ചെയ്യുന്നത്, പിന്നിൽ കൂടുതൽ ആളുകളുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.





























